ന്യൂഡൽഹി : ജാമിയ മിലിയയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തിയ പ്രതിഷേധക്കാരുടെ നേർക്ക് അക്രമി വെടിയുതിർത്ത സംഭവത്തിൽ പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ച് എ ഐ എം ഐ എം മേധാവി അസദുദീൻ ഒവൈസി. ‘വസ്ത്രം കൊണ്ട് തിരിച്ചറിയൂ’ എന്നാണ് ട്വീറ്റിലൂടെ മോദിയോട് ഒവൈസി ആവശ്യപ്പെട്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പ് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒവൈസിയുടെ ട്വീറ്റ്.
മന്ത്രി അനുരാഗ് താക്കൂറും ഈ വെടിവയ്പിന് ഉത്തരവാദിയാണെന്നും ഒവൈസി പറഞ്ഞു. പോലീസുകാര്‍ നോക്കിനില്‍ക്കെ ഒരു തീവ്രവാദി വിദ്യാര്‍ത്ഥികളെ വെടിവെക്കുന്നതിലേക്ക് വരെ നയിക്കാൻ തക്ക വിധത്തിൽ ഇത്രയധികം വിദ്വേഷം ഈ രാജ്യത്തു പ്രചരിപ്പിച്ച അനുരാഗ് താക്കൂറിനും എല്ലാ 9 മണി ദേശീയവാദികള്‍ക്കും നന്ദി. പ്രധാനമന്ത്രി വസ്ത്രം കൊണ്ട് ഇയാളെ തിരിച്ചറിയൂ. ഒവൈസി ട്വീറ്റിൽ കുറിച്ചിരിക്കുന്നു.
കഴിഞ്ഞ മാസം ജാമിയയിൽ നിങ്ങൾ പ്രകടിപ്പിച്ച ധൈര്യം എവിടെപ്പോയി? എന്ത് സംഭവിച്ചു? നിസ്സഹായരായിരിക്കുന്നവർക്ക് സമ്മാനമുണ്ടെങ്കിൽ അത് എപ്പോഴും നിങ്ങൾക്ക് തന്നെയായിരിക്കും. എങ്ങനെയാണ് വെടിവെയ്പുണ്ടായതെന്ന് വിശദീകരിക്കാൻ നിങ്ങൾക്ക് സാധിക്കുമോ? നിങ്ങളുടെ നിയമങ്ങൾ മനുഷ്യത്വത്തിൽ നിന്ന് വിലക്കേർപ്പെടുത്തുന്നുണ്ടോ? ഡൽഹി പോലീസിനെതിരെയും ഒവൈസി ട്വിറ്ററിൽ ആഞ്ഞടിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ 72 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയ കാര്യവും ഒവൈസി ചൂണ്ടിക്കാട്ടി.