ലണ്ടന്‍ : ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് കുരങ്ങുകളില്‍ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്. ആറ് കുരങ്ങുകളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. പരീക്ഷണം വിജയിച്ചതോടെ മനുഷ്യരിലും വാക്സിന് പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ് സര്‍വകലാശാലയെന്നും വിവരങ്ങളുണ്ട്. എന്നാല്‍ പഠനഫലം സംബന്ധിച്ച് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരുടെ ശാസ്ത്രീയ അവലോകനങ്ങള്‍ ഇതുവരെ നടന്നിട്ടില്ല.
ഒറ്റ ഷോട്ട് വാക്സിന് നല്കിയ ചില കുരങ്ങുകള്‍ 14 ദിവസത്തിനുള്ളില്‍ കൊറോണ വൈറസിനെതിരെ ആന്റി ബോഡികള്‍ വികസിപ്പിച്ചതായും 28 ദിവസത്തിനുള്ളില്‍ എല്ലാ സുരക്ഷിത ആന്റിബോഡികളും വികസിപ്പിച്ചതായും പഠന റിപ്പോര്‍ട്ട് പറയുന്നു. കുരങ്ങുകളുടെ ശ്വാസകോശത്തിനുണ്ടാകുമായിരുന്ന പരിക്കുകള്‍ തടയാന്‍ വാക്സിന് കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.