കൊച്ചി : സംസ്ഥാനത്ത് ഓക്സിജൻ കോൺസൻട്രേറ്ററുകൾക്കു ക്ഷാമം. കുറഞ്ഞ അളവിൽ ഓക്സിജൻ വേണ്ട കിടപ്പു രോഗികളാണു പ്രധാനമായും ഓക്സിജൻ മെഷീനുകളെ ആശ്രയിക്കുന്നത്. കോവിഡ് മൂലം ഓക്സിജനു ഡിമാൻഡ് കൂടിയതോടെ ഇത്തരം മെഷീനുകളുടെ ആവശ്യവും വർധിച്ചു. കോവിഡ് ഗുരുതരമല്ലാത്തവർക്കു മെഷീൻ സഹായകരമായതിനാൽ ഡൽഹിയിലും മുംബൈയിലും വിൽപന വർധിച്ചതോടെ കേരളത്തിൽ മെഷീനുകൾ ലഭിക്കുന്നില്ല.
60,000 രൂപ വിലയുണ്ടായിരുന്ന ബ്രാൻഡഡ് മെഷീനുകൾ 96,000 രൂപയ്ക്കാണു ഡൽഹിയിൽ വിൽപന നടക്കുന്നതെന്നാണു റിപ്പോർട്ട്. 35,000 മുതൽ 40,000 രൂപയ്ക്കടുത്തു വിലയുണ്ടായിരുന്ന മറ്റു മോഡലുകൾക്കും ഇപ്പോൾ ഇരട്ടിയിലേറെ വില നൽകണമെന്നതാണു സ്ഥിതി. ആശുപത്രികളിൽനിന്നു മെഷീനുകൾ ആവശ്യപ്പെട്ടു വിളിക്കുന്നുണ്ടെങ്കിലും നൽകാൻ സ്റ്റോക്കില്ലെന്നു വിതരണ രംഗത്തുള്ള അനീഷ് വർഗീസ് പറയുന്നു.
തദ്ദേശീയമായി മെഷീനുകൾ നിർമ്മിക്കുന്ന കമ്പനികൾ കുറവാണെന്നതും തിരിച്ചടിയാണ്. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മെഷീനുകളാണു രാജ്യത്തു കൂടുതലും വിപണിയിലെത്തുന്നത്. മെഷീൻ പണിമുടക്കിയാൽ അത്യാവശ ഘട്ടത്തിൽ ഉപയോഗിക്കാനായി മിക്ക വീടുകളിലും ഓക്സിജൻ സിലിണ്ടറും സൂക്ഷിക്കാറുണ്ട്. എന്നാൽ ഡിമാൻഡ് കൂടിയതിനാൽ സിലിണ്ടറിനും വില കൂട്ടി തുടങ്ങി.
ഓക്സിജൻ മെഷീനുകൾ വാടകയ്ക്കു നൽകുന്ന എജൻസികളിലും മാറ്റി നൽകാൻ മെഷീനുകൾ ആവശ്യത്തിനില്ല. പുതിയ സ്റ്റോക്കിനായി മുൻകൂർ പണം നൽകിയവരോട് മേയ് 10നു മെഷീനുകൾ എത്തുമെന്നാണു അറിയിച്ചിരിക്കുന്നത്. എന്നാൽ ഉത്തരേന്ത്യയിലെ ഡിമാൻഡ് കൂടുന്നതിനാൽ എത്രത്തോളം മെഷീനുകൾ ലഭിക്കുമെന്നു വ്യക്തമല്ല. ഓൺലൈൻ വിൽപ്പന സൈറ്റുകളിലും മെഷീനുകൾ സ്റ്റോക്കില്ലെന്നാണ് കാണിക്കുന്നത്.