ദില്ലി : കൊവിഡ് രണ്ടാം തരംഗത്തില്‍ വലഞ്ഞ ഇന്ത്യയ്ക്ക് അമേരിക്കയിൽ നിന്ന് സഹായം. ഓക്സിജൻ സിലിണ്ടറുകൾ , ഓക്സിജൻ റെഗുലേറ്ററുകൾ, മറ്റ് അത്യാവശ്യ സാമഗ്രികൾ C – 5 വിമാനത്തില്‍ ഇന്ത്യയിലേക്ക് എത്തിക്കും. ദില്ലിയിലേക്കാണ് വിമാനമെത്തുക. അമേരിക്കയിൽനിന്ന് സഹായം ഇനിയും ഉണ്ടാകുമെന്ന് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ ടി എസ് സന്ധു വിശദമാക്കി.
കൊവിഡ് പ്രതിസന്ധി നേരിടാൻ ഇന്ത്യക്ക് എന്ത് സഹായവും നൽകാൻ അമേരിക്ക തയ്യാറെന്ന് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്സീൻ നിർമ്മാണത്തിന് ആവശ്യമായ യന്ത്ര സാമഗ്രികളും മരുന്നുകളും ഉടൻ നൽകുമെന്നും ബൈഡന്‍ പറഞ്ഞിരുന്നു. അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ പൗരൻമാരോട് എത്രയും വേഗം ഇന്ത്യ വിടാൻ അമേരിക്ക ഉപദേശിച്ചു. ആശുപത്രികളിലെ സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസ് തുടരുകയാണെന്നും സുരക്ഷിതസമയത്ത് ഇന്ത്യ വിടണമെന്നും പൗരൻമാർക്കുള്ള അറിയിപ്പിൽ അമേരിക്ക പറയുന്നു.