ന്യൂഡൽഹി : പത്തു മാസത്തിനിടെ രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ വിതരണത്തിൽ ക്ഷാമമുണ്ടായിട്ടില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. സെപ്റ്റംബറോടെ ഓക്സിജൻ പ്രതിദിന ഉൽപാദന ശേഷി 6,862 മെട്രിക് ടണ്ണായി ഉയർത്തി. ഒക്ടോബർ അവസാനത്തോടെ ഇത് 7,191 മെട്രിക് ടണ്ണായി ഉയർത്തുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 246 ഓക്സിജൻ ഉത്പാദന പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടി കേന്ദ്രം ആരംഭിച്ചു. ഇതിൽ 67 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ 150 പ്ലാന്റ് കൂടി സ്ഥാപിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ഭൂഷൺ അറിയിച്ചു.
കോവിഡ്–19 പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ ആവശ്യമായി വരുന്ന ആശുപത്രി മുറികൾ എന്നിവയുടെ എണ്ണം സെപ്റ്റംബറിൽ 43,022 ൽ നിന്ന് 75,000 ആയി ഉയർത്തി. സെപ്റ്റംബർ ഒൻപതു മുതൽ സെപ്റ്റംബർ 15 വരെ ഓക്സിജൻ ശരാശരി ഉപഭോഗം പ്രതിദിനം 2,791 മെട്രിക് ടണ്ണായി ഉയർന്നു, ഇത് ഉപഭോഗത്തിന്റെ ഏറ്റവും ഉയർന്ന കാലയളവായിരുന്നു.
സെപ്റ്റംബർ ആദ്യ ആഴ്ചകളെ അപേക്ഷിച്ച് ഓക്സിജന്‍ ലഭ്യത ഇപ്പോഴും ഉയർന്നതാണ്.
രാജ്യത്തു പ്രതിദിനം ശരാശരി 2,397 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ ഉപയോഗിക്കുന്നുണ്ടെന്നും 15,282 മെട്രിക് ടൺ ഓക്സിജൻ ഇനിയും സ്റ്റോക്കുണ്ടെന്നും ഭൂഷൺ പറഞ്ഞു. ഇതുവരെ രാജ്യത്ത് 9.6 കോടി കോവിഡ് -19 ടെസ്റ്റുകൾ നടത്തി. ജനസംഖ്യാനുപാതികമായി ഇന്ത്യയുടെ കോവിഡ് -19 കേസുകളുടെ ശരാശരി കണക്കാക്കിയാൽ പിന്നിട്ട ഏഴു ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ദശലക്ഷം പേരിൽ 310 കേസുകളാണെന്നും അദ്ദേഹം പറഞ്ഞു.