പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്‍റ് പൊട്ടിത്തെറിച്ച സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ സര്‍ക്കാരിനോടും ബന്ധപ്പെട്ട മറ്റ് അധികാരികളോടും ആവശ്യപ്പെട്ടു. 2022 ജൂലൈ മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള ജില്ലാ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്‍റ് പൊട്ടിത്തെറിച്ചത് നിര്‍മ്മാണത്തിലെ അപാകതയും പരിപാലനത്തിലെ കെടുകാര്യസ്ഥതയും മൂലമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് കുറ്റപ്പെടുത്തി.
ആരോഗ്യവകുപ്പിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖേന ഉപകരണങ്ങള്‍, മരുന്ന് എന്നിവ വാങ്ങുന്നതിലുള്ള അഴിമതിയെക്കുറിച്ചും സി.എ.ജി യുടെ കണ്ടെത്തലില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ തെളിവ് നശിപ്പിക്കുന്നതിനായി മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വെയര്‍ ഹൗസുകളില്‍ തീപിടുത്തം ഉണ്ടാക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ഡി.സി.സി പ്രസിഡന്‍റ് കുറ്റപ്പെടുത്തി. ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രി ഉണ്ടായിട്ടും ആരോഗ്യ വകുപ്പ് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
മന്ത്രിയുടെ സ്റ്റാഫ് ഉള്‍പ്പെട്ട പിന്‍വാതില്‍ നിയമനത്തിലും കോഴ ആരോപണത്തിലുമുള്ള അന്വേഷണം സര്‍ക്കാര്‍ ഇടപെട്ട് അട്ടിമറിച്ചതായും ഇപ്പോഴും തുടരുന്ന പിന്‍വാതില്‍ നിയമനത്തെക്കുറിച്ചുള്‍പ്പെടെയുള്ള ആരോപണങ്ങളെക്കുറിച്ചും കെടുകാര്യസ്ഥത, അനാസ്ഥ എന്നിവയെക്കുറിച്ചും അന്വേഷണം വേണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. മുന്‍ സുപ്രീംകോടതി ജഡ്ജിയും മുന്‍ തമിഴ്നാട് ഗവര്‍ണറും പത്തനംതിട്ടയുടെ അഭിമാനവുമായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാതെയും അന്തിമോപചാരമര്‍പ്പിക്കാതെയും സംസ്ഥാന സര്‍ക്കാരും ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രി വീണാ ജോര്‍ജ്ജും അനാദരവ് കാട്ടിയതായും ഇത് സംബന്ധിച്ച് മന്ത്രി മാപ്പ് പറയണമെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.