പത്തനംതിട്ട : രണ്ടാം തരംഗം രൂക്ഷമായ മേയ് മാസത്തിൽ അനുഭവപ്പെട്ട ഓക്സിജൻ ക്ഷാമത്തിൽനിന്നു പാഠം ഉൾക്കൊണ്ട് കുന്നന്താനം കിൻഫ്ര പാർക്കിലെ ഓസോൺ ഗ്യാസ് കമ്പനി അധികൃതർ. നിലവിൽ ഇവിടെ വേണ്ടത്ര സ്റ്റോക്കുള്ളതിനാൽ ഏതു സാഹചര്യവും നേരിടാൻ കഴിയുമെന്ന് പ്ലാന്റ് അധികൃതർ വ്യക്തമാക്കി. എന്നാൽ കോവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചതോടെ വീടുകളിലേക്കു കൊണ്ടുപോകുന്ന ചെറു സിലിണ്ടറുകളുടെ എണ്ണത്തിൽ വർധനയുണ്ട്.
ആഴ്ചയിൽ ശരാശരി 100 ചെറു സിലിണ്ടറുകൾ പോയിരുന്ന സ്ഥാനത്ത് ഇപ്പോൾ 200 വരെ വേണ്ട സ്ഥിതി. ആവശ്യക്കാരുടെ എണ്ണത്തിൽ ദിനംപ്രതി നേരിയ വർധനയുണ്ട്. മഴക്കാലമായതിനാൽ ആസ്മ രോഗികൾക്കും ഓക്സിജൻ കൂടുതലായി വേണ്ടിവരും. 1000 ലീറ്ററിന്റെ ചെറിയ വാർഡ് ടൈപ്പ് സിലിണ്ടറുകളാണ് ഇത്തരക്കാർക്കു കൂടുതലും കൊടുക്കുന്നത്. 150 മുതൽ 200 രൂപ വരെയാണ് ഒരു റീചാർജിന് ഈടാക്കുന്നത്.
കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 18 പ്രധാന ആശുപത്രികളിലും പത്തനംതിട്ട ഉൾപ്പെടെ പല ജില്ലാ – ജനറൽ ആശുപത്രികളിലും ഓക്സിജൻ എത്തിക്കുന്ന പ്ലാന്റിലെ സംഭരണിയിൽ കരുതൽ ശേഖരമായി സൂക്ഷിക്കാൻ ആവശ്യമായ ഓക്സിജൻ പാലക്കാട്ടെ ഉൽപാദക കമ്പനിയാണു നൽകുന്നത്. ആഴ്ചയിൽ ഏകദേശം 60 ടൺ ജീവവായുവാണ് ഇവിടുത്തെ ആവശ്യം. കോവിഡിനു മുൻപ് ഇത് 40 ടണ്ണായിരുന്നു. കോവിഡ് മരണങ്ങൾ വർധിച്ച സമയത്ത് ഇവിടുത്തെ ലഭ്യത 10 ടണ്ണായി കുറഞ്ഞത് പത്തനംതിട്ട ഉൾപ്പെടെ സമീപ ജില്ലകളിൽ ഭീതി പരത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇവിടുത്തെ ക്രയോജനിക് ടാങ്ക് നിറഞ്ഞ് ഓക്സിജനുണ്ട്.
20 ടൺ (20,000 ലീറ്റർ) ശേഷിയുള്ള ക്രയോജനിക് ടാങ്കാണ് കുന്നന്താനത്തുള്ളത്. കേരളത്തിലെ മറ്റ് എയർ സെപ്പറേഷൻ പ്ലാന്റുകളിൽ മണിക്കൂറിൽ പരമാവധി 15 സിലിണ്ടർ വരെ നിറയ്ക്കുമ്പോൾ ഇവിടെ ലിക്വിഡ് ഓക്സിജൻ സ്റ്റോറേജിൽനിന്ന് 40 സിലിണ്ടർ വരെ നിറയ്ക്കാനാവും. കോവിഡ് ആശുപത്രിയിലേക്കു മാത്രം പ്രതിദിനം 200 സിലിണ്ടറുകൾ വരെ നൽകണം. പാലക്കാട്ടെ ഇനോക്സ് കമ്പനിയുടെ ഉൽപ്പാദനശാലയിൽനിന്ന് ദ്രവ രൂപത്തിലെത്തിലാണ് ഇവിടെ ഓക്സിജൻ എത്തിക്കുന്നത്. ഇത് വാതകമാക്കി സിലിണ്ടറുകളിൽ നിറച്ചു വിവിധ ഐസിയു യൂണിറ്റുകളിലും മറ്റും എത്തിക്കുകയാണെന്ന് ഓസോൺ കമ്പനി നടത്തിപ്പുകാരായ അബ്ദുൽ റഹിം, ശ്രീകുമാർ ഇളമൺ എന്നിവർ പറഞ്ഞു.
ക്രയോജനിക് ടാങ്ക് സൗകര്യമുള്ള പ്രധാന സ്വകാര്യ ആശുപത്രികളിൽ ദ്രവരൂപത്തിലുള്ള ഓക്സിജൻ നിറച്ചു കൊടുക്കും. ഇവിടെനിന്ന് സിലിണ്ടറുകളിൽ നിറച്ച് സർക്കാർ ആശുപത്രികളിലും മറ്റും എത്തിക്കുന്ന കരാറുകാരുമുണ്ട്. കുന്നന്താനം ഉൾപ്പെടെ 3 പ്ലാന്റുകളാണ് തെക്കൻ ജില്ലകളിൽ ഉള്ളത്. പ്രതിസന്ധിയെ തുടർന്ന് ജില്ലാ ആശുപത്രിയിലും മറ്റും പ്ലാന്റ് നിർമിക്കാൻ നടപടിയായി. ഓക്സിജൻ കോൺസൺട്രേറ്ററുകളും വ്യാപകമായതോടെ കോവിഡുമായി ബന്ധപ്പെട്ട ഭീതി ശമിച്ചിട്ടുണ്ട്.
ആർസിസി, ശ്രീചിത്തിര, തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രികൾ എന്നിവിടങ്ങളിൽ ഓക്സിജൻ എത്തിക്കുന്നത് കുന്നന്താനത്തിനു സമാനമായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ്. ഓരോ 4 ദിവസം കൂടുമ്പോഴും 12 മുതൽ 14 ടൺ വരെ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) ആണ് ഈ കമ്പനികൾക്ക് വേണ്ടത്. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സുരക്ഷാ സംഘടനയുടെ അംഗീകാരത്തോടെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്.