ഓയൂര്‍ : ഫിനാന്‍സ് സ്ഥാപന ഉടമയുടെയും കുടുംബത്തിന്റെയും തിരോധാനത്തില്‍ പൂയപ്പള്ളി പോലീസ് വീട് തുറന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദേശത്ത് ജനം തടിച്ച് കൂടുകയും പരാതിക്കാരുടെ എണ്ണം കൂടുകയും ചെയ്തു. ഉയര്‍ന്ന പലിശ വാഗ്ദാനംചെയ്ത് ഇടപാടുകാരില്‍നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ചതായാണ് സൂചന.
ഓയൂര്‍ ജങ്ഷനിലും മരുതമണ്പള്ളിയിലും കാര്‍ത്തിക ഫൈനാന്‍സ് എന്ന സ്ഥാപനം നടത്തുന്ന മരുതമണ്‍പള്ളി കാര്‍ത്തികയില്‍ പൊന്നപ്പന്, ഭാര്യ ശാന്തകുമാരി എന്നിവരെയാണ് കഴിഞ്ഞ 31 മുതല്‍ കാണാതായത്. ഇവരെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. പൂയപ്പള്ളി സി.ഐ രാജേഷ് കുമാര്‍, എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇവരുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ഫൈനാന്‍സ് ഉടമയുടെ വീടിന്റെ വാതിലുകള്‍ പൊളിച്ച് ഉള്ളില്‍ കടന്നായിരുന്നു പരിശോധന.
ഇവരുടെ സ്ഥാപനത്തില്‍ സ്വര്‍ണം പണയമെടുപ്പ്, മാസച്ചിട്ടി, വെസ്റ്റേണ്‍ മണി ട്രാന്‍സ്ഫര്‍, നിക്ഷേപം സ്വീകരിക്കല്‍ എന്നിവ ഉണ്ടായിരുന്നു. കഴിഞ്ഞ 30 വര്‍ഷങ്ങളായി ഫൈനാന്‍സ് കമ്പനി നടത്തിവന്ന ഇദ്ദേഹം എട്ട് മുതല്‍ പന്ത്രണ്ട് ശതമാനം വരെ പലിശ വാഗ്ദാനം നല്കി നാട്ടുകാരില്‍നിന്ന് വന്‍ തുകകള്‍ നിക്ഷേപം സ്വീകരിച്ചിരുന്നു. കമ്പനിയില്‍ ചിട്ടിയില്‍ ചേര്‍ന്നവര്‍ ചിട്ടി പിടിക്കുന്നതും ഇവിടെ സ്ഥിരം നിക്ഷേപം നടത്തിയിരുന്നു.
അടുത്തിടെ പോപ്പുലര്‍ ഫൈനാന്‍സ് ഉടമകള്‍ നാട്ടുകാരെ പറ്റിച്ച് മുങ്ങിയ സംഭവത്തെ തുടര്‍ന്ന് ആളുകള്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ ഈ സ്ഥാപനത്തില്‍ എത്തിയിരുന്നു. ചെറിയ തുകകള്‍ നിക്ഷേപിച്ച ചിലരുടെ പണം തിരികെ നല്കി. എന്നാല്‍, അടുത്തിടെ ആളുകള്‍ കൂട്ടത്തോടെ നിക്ഷേപം പിന്വലിക്കാനെത്തിയതോടെയാണ് പ്രശ്നം ഗുരുതരമായത്. പലര്‍ക്കും പലതീയതികളില് നിക്ഷേപം മടക്കി നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പറഞ്ഞസമയത്ത് പണം നല്‍കിയില്ല. കഴിഞ്ഞ 31ന് എല്ലാവര്ക്കും പണം മടക്കി നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
അന്നേദിവസം മുതലാണ് ഇദ്ദേഹത്തെയും കുടുംബത്തെയും കാണാതാകുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഫൈനാന്‍സ് സ്ഥാപനങ്ങള്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് ഇടപാടുകാര്‍ നടത്തിയ അന്വേഷണത്തില്‍ വീടും പൂട്ടിയിട്ടിരിക്കുകയാണെന്നും മൊബൈല്‍ ഫോണുകളും പ്രവര്‍ത്തനരഹിതമാണെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.