തിരുവല്ല : പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തെ പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കെ.പി. സി. സി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ. കുര്യൻ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെയും , കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെയും ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ ഇരുപ്പത്തിമൂന്നാം ദിവസത്തെ പര്യടനം തിരുവല്ല നിയോജക മണ്ഡലത്തിലെ മൂത്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയും ആർ. എസ്.എസും ഭരണഘടനയെ തള്ളി പറയുകയാണ്. ഇവർ രാജ്യത്തെ വിറ്റ് തുലക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളെ എക്കാലവും വഞ്ചിച്ചവരാണ് സി പി എം. ഇന്ത്യയിൽ ഫാസിസ്റ്റുകൾക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ സി.പി. എം നെ കാണാനില്ലെന്നും പി.ജെ. കുര്യൻ പറഞ്ഞു.
തിരുവല്ല ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സജി എം. മാത്യു ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സതീഷ് കൊച്ചപറമ്പിൽ , അഡ്വ.എ .സുരേഷ് കുമാർ , സജി ചാക്കോ , വെട്ടൂർ ജ്യോതി പ്രസാദ് , റിങ്കു ചെറിയാൻ , റെജി തോമസ് ,ജേക്കബ് പി. ചെറിയാൻ , ആർ. ജയകുമാർ , മുനിസപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ , ശ്രീജിത്ത് മൂത്തൂർ , അജി തമ്പാൻ , ജിനു തുമ്പക്കുഴി , ശോഭാ വിനു , രാജേഷ് ചാത്തങ്കരി , സണ്ണി തോമസ് എന്നിവർ പ്രസംഗിച്ചു .
ഫെബ്രുവരി 18 ചൊവ്വാഴ്ച രാവിലെ ഒൻപതിന് പരുമലയിൽ നിന്നാരംഭിക്കുന്ന പദയാത്ര പര്യടനം കെ.പി.സി.സി രാഷ്ട്രീയ കാര്യസമതിഅംഗം പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറ് മണിയ്ക്ക് കാവുംഭാഗം ജംഗ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി മുൻ സംസ്ഥാന പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും.