കണ്ണൂര്‍ : ടി പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്താണ് മഹാപരാധമുള്ളതെന്ന് സിപിഎം നേതാവ് പി ജയരാജൻ. ജയിൽ മേധാവി ഇപ്പോൾ പരോൾ നൽകിയത് അമ്മയുടെ പരാതിയിലും മാനുഷിക പരിഗണനയിലുമാണ്. കൊടിയുടെ നിറം നോക്കാതെ പരോൾ ശുപാർശ നൽകിയിട്ടുണ്ടെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. അർഹതയുണ്ടായിട്ടും സുനിക്ക് ആറ് വർഷമായി പരോൾ അനുവദിച്ചില്ല. കൊവിഡ് കാലത്തുപോലും പരോൾ നൽകിയിരുന്നില്ല. ഇടക്കാലത്തുണ്ടായ കേസുകളുടെ പേരിൽ പരോൾ നൽകാതിരുന്നത് ശരിയായ തീരുമാനമാണ്.
കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗമെന്ന നിലക്ക് കൊടിയുടെ നിറം നോക്കാതെ പരോൾ അനുവദിക്കുന്നതിന് ശുപാർശ ചെയ്തിട്ടുമുണ്ട്. കൊവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങൾ പരോളിലായിരുന്നു. കൊവിഡിന്‍റെ ഒരു ഘട്ടത്തിന് ശേഷം തടവുകാരോട് തിരികെ ജയിലിൽ പ്രവേശിക്കാൻ സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതിയാണ് മനുഷ്യാവകാശം പരിഗണിച്ച് കാലാവധി നീട്ടി നൽകിയത് എന്നതും അനുഭവമാണ്. കൊവിഡ് കാലത്ത് പോലും കൊടി സുനിക്ക് പരോൾ നൽകിയിരുന്നില്ല. ആറുവർഷങ്ങൾക്ക് ശേഷം അമ്മയുടെ പരാതിയെ തുടർന്ന് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളതെന്നും ജയരാജൻ ചോദിച്ചു.