റാന്നി: സംഘപരിവാര്‍ പൗരത്വ നിയമത്തിന്‍റെയും ജാതിയുടേയും ഭാക്ഷയുടേയും പേരില്‍ നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം പി. പ്രസാദ് പറഞ്ഞു. എ.ഐ.വൈ.എഫ് റാന്നി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം റാന്നി പെരുമ്പുഴയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാപത്തിന്റെ പേരില്‍ രാജ്യത്തെ പൗരന്‍മാരെ രണ്ടു തരക്കാരായി ചിത്രീകരിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്ത പാരമ്പര്യമുള്ളവര്‍ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ദേശസ്നേഹികളായി നടിക്കുകയാണ്. മുസോളിനിയേയും ഹിറ്റ് ലറേയും ആദര്‍ശ പുരുഷന്‍മാരായി കാണുന്ന ഇവര്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ്. ലൗജിഹാദെന്നാരോപിച്ചു സമരം നടത്തുന്നവര്‍ ആര്‍എസ്എസ് നേതാക്കളുടെ അന്യമത വിവാഹങ്ങളെ എന്തു പേരിട്ടു വിളിക്കുമെന്നും അദ്ദേഹം ചോദിച്ചു. മാംസാഹാരം കഴിക്കുന്നത് പാപമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ രാമായണവും മഹാഭാരതവും വായിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തണം. ചുവപ്പു ഭീകരതയാണ് കേരളത്തിലെന്നു പറയുന്നവര്‍ കാട്ടിക്കൂട്ടുന്ന അക്രമം ജനങ്ങള്‍ കാണുന്നുണ്ടെന്നും പി. പ്രസാദ് പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാന്‍ തെക്കേപ്പുറം വാസുദേവന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.മനോജ് ചരളേല്‍, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്‍റ് എ.ദീപകുമാര്‍, കെ സതീഷ്, അനീഷ് ചുങ്കപ്പാറ, ലിസി ദിവാന്‍, വി.ടി ലാലച്ചന്‍, ടി.പി അജി, എം. വി പ്രസന്നകുമാര്‍, സന്തോഷ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ഞായറാഴ്ച രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ജിഞ്ചു കെ.ജോസ് നഗറില്‍ എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടീവംഗം അഡ്വ.ആര്‍ ജയന്‍ ഉദ്ഘാടനം ചെയ്യും.