കൊച്ചി : നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്റെ മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാല്‍. ഇന്നലെ ശിവശങ്കറിന്റെ ഒപ്പമിരുത്തി മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഇ.ഡിയോട് വേണുഗോപാല്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ശിവശങ്കര്‍ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന തരത്തിലുള്ള മൊഴിയാണ് വേണുഗോപാല്‍ നല്‍കിയിരിക്കുന്നത്.
സ്വപ്നയും ശിവശങ്കറും ആദ്യമായി തന്നെ കാണാനെത്തിയപ്പോള്‍ ആവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ 34 ലക്ഷം രൂപയുടെ കറന്‍സി ഉണ്ടായിരുന്നതായി വേണുഗോപാല്‍ പറഞ്ഞു. ശിവശങ്കര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തന്റെ ഉടമസ്ഥതയിലുള്ള ലോക്കറില്‍ ഈ പണം നിക്ഷേപിക്കാന്‍ സമ്മതിച്ചത്. അതിനു ശേഷം പലതവണ ലോക്കര്‍ തന്റെ പേരില്‍ നിന്നും മാറ്റണമെന്നു ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശിവശങ്കര്‍ അതിനു തയാറായില്ലെന്നും വേണുഗോപാല്‍ മൊഴി നല്‍കി. ഇതിനിടെ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നീക്കം നടന്നില്ല. താന്‍ കോവിഡ് രോഗബാധിതനാണെന്ന് രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചിരുന്നു. ഈ മാസം 11 വരെയാണു ശിവശങ്കറിനെ ഇഡിക്കു കസ്റ്റഡിയില്‍ ലഭിച്ചത്. ശിവശങ്കറിന്റെ ആദ്യ റിമാന്‍ഡ് കാലാവധിയും അന്നു തീരും.
ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകാന്‍ സമന്‍സ് ലഭിച്ച ഹൈദരാബാദ് പെന്നാര്‍ ഇന്‍ഡസ്ട്രീസ് സിഎംഡി ആദിത്യനാരായണ റാവുവും കോവിഡ് പരിശോധനാഫലം കിട്ടിയില്ലെന്ന കാരണം പറഞ്ഞ് ഇന്നലെ ചോദ്യം ചെയ്യല്‍ ഒഴിവായി. സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും പിന്നാലെ ഏഴു പ്രതികള്‍ക്കെതിരെ കൂടി കൊഫെപോസ ചുമത്താന്‍ തീരുമാനിച്ചു. ഒന്നാം പ്രതി പി.എസ്.സരിത്, രണ്ടാം പ്രതി കെ.ടി.റമീസ്, മറ്റു പ്രധാന പ്രതികളായ ജലാല്‍, അംജത് അലി, സെയ്തലവി, ടി.എം. ഷംജു, മുഹമ്മദ് ഷാഫി എന്നിവര്‍ക്കെതിരെ കൊഫേപോസ ചുമത്താനാണു അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ ഡോളര്‍ കടത്തു കേസിലും ഈന്തപ്പഴം വിതരണം ചെയ്തതിലും ശിവശങ്കറിനെ പ്രതിചേര്‍ക്കുമെന്നാണു വിവരം.
ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയാലുടന്‍ എറണാകുളം, തൃശൂര്‍ വിയ്യൂര്‍ ജയിലുകളില്‍ നിന്ന് ഇവരെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും. ചുമത്തിയാല്‍ ഒരു വര്‍ഷത്തേക്കു പുറത്തിറങ്ങാനാകില്ല. കോഫേപോസ ചുമത്തപ്പെട്ട സ്വപ്ന സുരേഷ് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും സന്ദീപ് നായര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലുമാണ് ഇപ്പോള്‍ കഴിയുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യല്‍ കഴിഞ്ഞാലുടന്‍ കസ്റ്റംസ് കേസെടുത്തു കസ്റ്റഡിയില്‍ വാങ്ങും.