പത്തനംതിട്ട : ഹരിതകേരളം മിഷന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നിരവധി വികസന പദ്ധതികളാണു നടക്കുന്നത്. ജില്ലയില്‍ 18.526 ഏക്കറിലായി 102 പച്ചത്തുരുത്തുകളാണ് ഒരുക്കിയിട്ടുള്ളത്. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് 18 വാര്‍ഡുകളിലും പച്ചത്തുരുത്തുകള്‍ നിര്‍മിച്ച് സംസ്ഥാനത്തെ തന്നെ ആദ്യത്തെ സമ്പൂര്‍ണ പച്ചത്തുരുത്ത് പഞ്ചായത്ത് എന്ന ബഹുമതി നേടി.
സംസ്ഥാനത്തിനുതന്നെ മാതൃകയായി പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ ഹൈസ്‌കൂളില്‍ 76.5 സെന്റിലായി മാതൃകാ പച്ചത്തുരുത്ത് ഒരുങ്ങുന്നു. വിദ്യാര്‍ഥികള്‍ക്കും പരിസ്ഥിതി ഗവേഷകര്‍ക്കും പ്രവര്‍ത്തകര്‍ക്കും അക്കാദമിക കാര്യങ്ങള്‍ക്കുള്‍പ്പെടെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന നിലയിലുള്ള ഒരു പദ്ധതിയാണ് ജില്ലാ മിഷന്‍ ആസൂത്രണം ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി പച്ചത്തുരുത്തിനാവശ്യമായ സ്ഥലം ഒരുക്കിയിട്ടുണ്ട്.
പച്ചത്തുരുത്തുമായി ബന്ധപ്പെട്ട് രണ്ടു പ്രവര്‍ത്തനങ്ങളാണ് ചലഞ്ച് 2021 ല്‍ ജില്ലയില്‍ ഏറ്റെടുക്കുന്നത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അധികാരത്തിലേറിയ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലാണ് പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം തുടരുക. എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഓരോ നിയോജക മണ്ഡലത്തിലും കേരള സ്മരണിക പച്ചത്തുരുത്തുകള്‍ ഒരുക്കും. ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം, ക്ലീന്‍ കേരള ചെക്ക് ക്യാമ്പയിന്‍ എന്നിങ്ങനെ രണ്ട് ക്യാമ്പയിനുകളാണു നടത്തുന്നത്. ഈ മാസം 26 ന് സംസ്ഥാനത്തെ 10000 ഓഫീസുകള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിക്കുന്ന ക്യാമ്പയിന്‍ ജില്ലയില്‍ നിന്നും 1000 സ്ഥാപനങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ലാതലത്തില്‍ ടീമുകള്‍ രൂപീകരിച്ച് ഹരിത ഓഡിറ്റ് നടത്തി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഹരിതകര്‍മ്മസേനകള്‍ ശേഖരിച്ച പാഴ് വസ്തുക്കള്‍ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി അതിന് തത്തുല്യമായ വിലയ്ക്കുളള ചെക്ക് ക്ലീന്‍ കേരള കമ്പനി നല്‍കുന്ന ക്ലീന്‍ കേരള ചെക്ക് ക്യാമ്പയിന്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 26 ന് നടക്കും. ജില്ലാ ഏകോപന സമിതിയില്‍ തെരഞ്ഞെടുത്ത 15 ഗ്രാമപഞ്ചായത്തുകളും ഒരു നഗരസഭയും സമ്പൂര്‍ണ്ണ ശുചിത്വ പദവിയില്‍ എത്തിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.
ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതസമൃദ്ധിവാര്‍ഡ് പ്രഖ്യാപനം നടത്തി. 108 ഹരിതസമൃദ്ധി വാര്‍ഡുകള്‍ ആണ് ജില്ലയിലുള്ളത്. കൊടുമണ്‍, കുന്നന്താനം, തണ്ണിത്തോട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ഹരിതസമൃദ്ധിവാര്‍ഡ് ആക്കിമാറ്റി. ജില്ലയിലെ ചേരിക്കല്‍ ഐ.ടി.ഐ, ഐക്കാട് ഐ.ടി.ഐ, ഇലവുംതിട്ട വനിതാ ഐ.ടി.ഐ, ചെന്നീര്‍ക്കര ഐ.ടി.ഐ എന്നീ നാലു ഗവ. ഐ.ടി.ഐകള്‍ ഹരിത ഐ.ടി.ഐകളായി. ചൂരക്കോട് ഗവ. എല്‍.പി സ്‌കൂള്‍ ഹരിതവിദ്യാലയമാക്കി മാറ്റി. കുന്നന്താനം, കൊടുമണ്‍, വെച്ചൂച്ചിറ, തണ്ണിത്തോട്, നിരണം എന്നീ ഗ്രാമപഞ്ചായത്തുകള്‍ തരിശുരഹിത ഗ്രാമമാക്കിമാറ്റി.
കൃഷി ഉപമിഷന്റെ ഭാഗമായി 25 വര്‍ഷമായി കൃഷി ചെയ്യാതെ കിടന്നിരുന്ന കവിയൂര്‍ പുഞ്ചയുടെ വീണ്ടെടുപ്പ് നടത്തി. 1400 ഏക്കറോളം വരുന്ന കവിയൂര്‍ പുഞ്ചയില്‍ കൃഷിയോഗ്യമായ 800 ഏക്കറോളം സ്ഥലം കൃഷി ചെയ്തു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 2015 – 20 ഭരണസമിതിയുടെ ഓര്‍മ്മയ്ക്കായി 66 ഓര്‍മ്മത്തുരുത്തുകള്‍ സ്ഥാപിക്കുകയും ഇതില്‍ 43 ഓര്‍മ്മത്തുരുത്തുകള്‍ പച്ചത്തുരുത്തിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുത്തി പച്ചത്തുരുത്തുകളാക്കി മാറ്റുകയും ചെയ്തു.
ഹരിതകേരളം മിഷനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് നടത്തുന്ന ദേവഹരിതം പദ്ധതിയിലൂടെ ജില്ലയില്‍ 2.4 ഏക്കറോളം തരിശുഭൂമിയില്‍ കൃഷിയിറക്കി. കോവിഡ്കാല പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിന് മൂന്നര ലക്ഷത്തോളം വിത്തു പായ്ക്കറ്റുകള്‍ ജില്ലയില്‍ വിതരണം ചെയ്തത്. മാത്രമല്ല കോവിഡ് കാലത്തെ കൃഷി വ്യാപനത്തിനായി തുരത്താം കോവിഡിനെ വിതയ്ക്കാം ഈ മണ്ണില്‍ ഹാഷ്ടാഗ് ക്യാമ്പയിന്‍ ആരംഭിച്ചു. ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒരു ക്യാമ്പയിനാണ് മനോഹരിതം ക്യാമ്പയിന്‍. ഈ ക്യാമ്പയിനില്‍ നാലു പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ‘ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ ലക്ഷ്യത്തിനായി ഹരിതകേരളം മിഷന്‍ ഫെയ്‌സ്ബുക്ക് മുഖേനയുള്ള ‘മൈ ഹോം ക്ലീന്‍ ഹോം’ ചലഞ്ച്, മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഒരു കോടി ഫലവൃക്ഷത്തൈകളുടെ ഉല്‍പ്പാദനം, തുരത്താം കോവിഡിനെ വിതയ്ക്കാം ഈ മണ്ണില്‍ ഹാഷ് ടാഗ് ക്യാമ്പയിന്‍, മഴക്കുഴി നിര്‍മ്മാണം എന്നിവയാണ് മനോഹരിതം ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നാല് പ്രവര്‍ത്തനങ്ങള്‍.
ജല ഉപമിഷന്റെ ഭാഗമായി വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ ഭാഗമായി ആദിപമ്പ, വരട്ടാര്‍, കോലറയാര്‍, പള്ളിക്കലാര്‍ തോടുകളുടെ പുനരുജീവനം നടത്തി. ഇനി ഞാന്‍ ഒഴുകട്ടെ ക്യാമ്പയിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇനി ഞാന്‍ ഒഴുകട്ടെ’ ക്യാമ്പയിനിലൂടെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നീര്‍ച്ചാല്‍ പുനരുജ്ജീവനം നടപ്പാക്കി. ശുചിത്വ – മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 35 ഗ്രാമപഞ്ചായത്തുകളും രണ്ടു നഗരസഭകളും രണ്ടു ബ്ലോക്കുകളും ശുചിത്വ പദവി പ്രഖ്യാപനം നടത്തി.