പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയ കുപ്പിവെള്ളത്തിന്റെ നിശ്ചിത വിലയായ 13 രൂപയില്‍ അധികമായി വില്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഇത്തരം വ്യാപാരികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം കുപ്പിവെള്ളം കണ്ടുകെട്ടി പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യും. കുപ്പിവെള്ളത്തിന്റെ വില ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം എഴുതി പ്രദര്‍ശിപ്പിക്കുകയും നിയമാനുസൃത ബില്ല് നല്‍കുകയും വേണം. വിലനിയന്ത്രണത്തില്‍ നിന്നും ഒരു കുപ്പിവെള്ള ബ്രാന്‍ഡിനേയും ഒഴിവാക്കിയിട്ടില്ല. കുപ്പിവെള്ളത്തിന് 13 രൂപയില്‍ അധികം ഈടാക്കുന്ന വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച പരാതികള്‍ 9188527346, 04734 224856 എന്നീ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.