പന്തളം: തീർത്ഥാടനകാലം തുടങ്ങാൻ ഒരാഴ്ച ബാക്കിനിൽക്കേ, പന്തളത്തെ തീർത്ഥാടകവിശ്രമമന്ദിരത്തിന്റെ പണി അവസാഘട്ടത്തിലേക്ക്. 13-ന് ഉദ്ഘാടനച്ചടങ്ങ് തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ അത് പാലുകാച്ചൽ ചടങ്ങായി നടത്താനാണ് പുതിയ തീരുമാനം.
രണ്ടുനില പൂർത്തിയാക്കി അന്നദാനവും പാർക്കിങ് സൗകര്യവും ഒരുക്കുകയാണ് ലക്ഷ്യം. പെയിന്റിങ് ജോലികൾ, ക്ഷേത്രത്തിന് മുമ്പിലൂടെ മന്ദിരത്തിലേക്ക് പ്രവേശിക്കുന്ന പാലം, തറയിലെ ടൈൽസിന്റെ പണി എന്നിവയാണ് ഇനി ബാക്കിയുള്ളത്. കൊറോണയാണ് പണിക്ക് അല്പം താമസം വരുത്തിയത്. മൂന്നുനിലയിലായി വലിയകോയിക്കൽ ക്ഷേത്രത്തിനുസമീപം പണിയുന്ന കെട്ടിടത്തിന്റെ താഴത്തെനിലയിൽ പാർക്കിങ് ഗ്രൗണ്ട്, അതിനുമുകളിലുള്ള നിലയിൽ അന്നദാനമണ്ഡപം, അടുക്കള, വിശ്രമകേന്ദ്രം, ഓഫീസ് എന്നിവയാണ് പണിയുന്നത്. നാലരക്കോടി രൂപയ്ക്കായിരുന്നു കരാർ.
ശബരിമലനട തുറന്നാൽ പന്തളത്തെത്തുന്നത് ലക്ഷക്കണക്കിന് തീർത്ഥാടകരാണ്. ശബരിമലയുടെ മൂലസ്ഥാനമായി അറിയപ്പെടുന്ന പന്തളത്ത് അന്യസംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകരാണ് ദർശനത്തിനെത്തുന്നവരിൽ അധികവും. എന്നാൽ, ഇവിടെ കാലുകുത്തുന്നതുമുതൽ അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയാണ് തീർത്ഥാടകർ കഴിയുന്നത്.