പത്തനംതിട്ട : പടയണിയുടെ പൈതൃക ഗ്രാമത്തിലെ കലാഗ്രാമം ഉണർന്നു. വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിലെ പടയണി ഏപ്രിൽ 8 മുതൽ 10 വരെ നടക്കും. 8,9 തീയതികളിൽ രാത്രി 10.30 മുതൽ ആയിരവില്ലേശ്വര കലാഗ്രാമത്തിന്റെ നേതൃത്വത്തിൽ പടയണി പഠിച്ചിറങ്ങിയ പുതുതലമുറയാണ് കോലങ്ങൾ തുള്ളുന്നതും പടയണിപ്പാട്ടുകൾ പാടുന്നതും. ഏപ്രിൽ 10ന് രാത്രി 10.30ന് വലിയ പടയണിയായ മീനപ്പൂരപ്പടയണിയും അരങ്ങേറും. ആയിരവില്ലൻ ക്ഷേത്രത്തിലെ ഉപദേവതയായ വലഞ്ചൂഴി ദേവിയ്ക്ക് മുന്നിൽ കച്ചകെട്ടി, പച്ചത്തപ്പിന്റെ താളത്തിനൊപ്പം ഒറ്റയും ഇരട്ടയും മുക്കണ്ണിയും ചവുട്ടി പുതുതലമുറ ഈ വർഷത്തെ പടയണി ഇത്തവണ ഉത്രം ഉത്സവത്തിന്റെ ഭാഗമായുള്ള മൂന്നുദിവസത്തെ പടയണിയിൽ ഗണപതിയും മാടനും മറുതയും കാഞ്ഞിരമാലയും കാലനും പക്ഷിയും യക്ഷിയും ഭൈരവിയും കളംനിറഞ്ഞാടി തുള്ളിയൊഴിയുന്നത് ഇവിടെത്തന്നെ പരിശീലനം നേടിയ പുതുതലമുറയിലൂടെയാണ്. ഒപ്പം പുലവൃത്തം അവതരിപ്പിക്കുന്നതും ഇവരാണ്.
പച്ചപാളയുടെ പുറം ചെത്തിയൊരുക്കി പ്രകൃതിദത്ത വർണ്ണങ്ങൾ ചാലിച്ചെഴുതുന്ന നാട്ടുദേവതാ സ്വരൂപങ്ങളായ കോലങ്ങളിൽ വെട്ടൂരിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ട് 9 വർഷം ആകുന്നു. 2017 മെയ് മാസം ഒന്നാം തീയതി പടയണി ആചാര്യൻ പ്രസന്നകുമാർ കടമ്മനിട്ടയുടെ കാൽതൊട്ട് വന്ദിച്ച് തുടങ്ങിയ പടയണിക്കളരി മുടക്കമില്ലാതെ മുന്നോട്ടുപോകുന്നു. കോലം തുള്ളലിലും പാട്ടിലുമായി 50 കലാകാരന്മാർ അടങ്ങുന്നതാണ് ആയിരവില്ലേശ്വര കലാഗ്രാമം. കലാഗ്രാമവും ക്ഷേത്ര ഉപദേശക സമിതിയുമായി ചേർന്ന് ഈ വർഷം വിപുലമായ ഒരുക്കങ്ങളാണ് പടയണിക്കായി നടത്തിയിട്ടുള്ളത്.
വെട്ടൂർ പടയണി ഐതിഹ്യവും ചരിത്രവും
—
നാടിന്റെ പൈതൃകവും ജനതയുടെ വികാരവുമാണ് പടയണി. 64 കലകളും സമ്മേളിക്കുന്നതാണ് പടയണി. വർഷങ്ങൾക്ക് മുമ്പ് 22 ദിവസത്തെ പടയണിയായിരുന്നു ഉണ്ടായിരുന്നത്. കാലാന്തരത്തിൽ അവ എണ്ണം കുറഞ്ഞ് 10 ആവുകയും ഇപ്പോൾ മൂന്നു ദിവസം മാത്രമായി ചുരുങ്ങുകയും ചെയ്തു. കൂടാതെ ഉത്സവത്തിന്റെ ഭാഗമായി സ്ഥിരമായി അവതരിപ്പിച്ചിരുന്ന കലാരൂപമായ വേലകളിയും ഇടക്കാലത്ത് അരങ്ങൊഴിഞ്ഞെങ്കിലും അതും വീണ്ടും രംഗത്ത് എത്തിച്ചിട്ടുണ്ട്. വെട്ടൂർ ദേശവുമായി ബന്ധപ്പെട്ട് 18 കരക്കാർ പഴയകാലത്ത് ഉണ്ടായിരുന്നുവെന്നും 22 ദിവസമാണ് പടയണി നടത്തിയിരുന്നതെന്നുമാണ് പഴമക്കാരുടെ വാമൊഴി. വലഞ്ചൂഴി ദേവീക്ഷേത്രത്തിൽ സ്ഥിരമായി പടയണി നടത്തിയിരുന്നത് വെട്ടൂരിലെ പടയണി ആശാന്മാരായിരുന്നു. ഒരിക്കൽ പടയണി അവതരിപ്പിക്കാൻ ഇറങ്ങിയ ആശാന്മാർ നടന്നു ക്ഷീണിച്ച് വാളിപ്പാറയിൽ ഇരുന്ന് വിശ്രമിച്ചു. തലേദിവസത്തെ ഉറക്കക്ഷീണം കൂടി ഉണ്ടായിരുന്നതിനാൽ അവർ ഉറങ്ങിപ്പോയിയെന്നുമാണ് കഥ. ചൂട്ടുവെയ്ക്കുന്ന സമയത്ത് വലഞ്ചൂഴിയിൽ എത്തിച്ചേരാൻ അവർക്കു കഴിഞ്ഞില്ല. വൈകിയെത്തിയ ആശാന്മാരെ കരനാഥന്മാരുടെ നേതൃത്വത്തിൽ ആക്ഷേപിച്ചതായി ഐതിഹ്യം. അധിക്ഷേപത്തിൽ മനം നൊന്ത് അന്നുതന്നെ വലഞ്ചൂഴി ദേവിയുടെ ചൈതന്യത്തെ ആവാഹിച്ച് വെട്ടൂരിലേക്ക് കൊണ്ടുവന്ന് ആയിരവില്ലന്റെ ഉപദേവതയായി ക്ഷേത്ര മതിൽക്കകത്ത് പ്രതിഷ്ഠിക്കുകയും ചെയ്തുവത്രേ. ദേശത്തിന്റെ ഈതിബാധകൾ അകറ്റുന്നതിന്, കാർഷിക ഗ്രാമത്തിൽ നല്ലവിളവ് ലഭിക്കുന്നതിനായി അന്നു മുതൽ ദേവീപ്രീതിക്കായി പടയണി നടത്തിവരുന്നു.
പടയണിയിലെ വെട്ടൂർ – കുമ്പഴ ചിട്ട
—
പടയണിയിൽ രണ്ട് ചിട്ടകളാണ് ഉള്ളത്. തെക്കനും വടക്കനും ചിട്ടകളാണുള്ളത്. ജില്ലയിലെ ഭൂരിപക്ഷം ദേവീക്ഷേത്രങ്ങളിലും തെക്കൻ ചിട്ടയിലുള്ള പടയണിയാണ് നടത്തുന്നത്. ഇതിൽ ദ്രാവിഡഗോത്രത്തിന്റെ പഴമയോട് ചേർന്ന് നിൽക്കുന്ന പടയണിക്ക് പൈതൃകഗ്രാമത്തിന് മാത്രമായുള്ള തനത് ചിട്ടയുണ്ടായിരുന്നു. വെട്ടൂർ – കുമ്പഴ ചിട്ടയെന്നാണ് അത് അറിയപ്പെട്ടിരുന്നത്. ഈ ചിട്ടയ്ക്ക് ചുക്കാൻ പിടിച്ചയാളാണ് കറുത്താശാൻ. ഒരു കാലത്ത് വെട്ടൂരിൽ നിന്നുള്ളവരായിരുന്നു വലഞ്ചൂഴി, താഴൂർ, കടമ്മനിട്ട എന്നിവിടങ്ങളിൽ പടയണിക്ക് ചുക്കാൻ പിടിച്ചിരുന്നത്. വെട്ടൂർ -കുമ്പഴച്ചിട്ട പടയണിയിൽ പേരുകേട്ടതാണ്. എട്ട് ചെമ്പട മേളം തന്റെ 6 വിരലുകളിൽ വെട്ടൂരിലെ ആശാൻ കൊട്ടിയിരുന്നതു അത്ഭുതത്തോടെയാണ് പടയണി ആസ്വാദകർ വീക്ഷിച്ചിരുന്നത്. വെട്ടൂരിന്റെ തനതു ശൈലി ഇന്ന് അന്യം ആയി. വെട്ടൂർ പടയണിയിലെ പ്രധാന ആശാന്മാർ മൺമറഞ്ഞതോടെ ഇടക്കാലത്ത് പടയണി വെട്ടൂരിൽ നിന്നു പോയിരുന്നു. 1990 മുതൽ 2018വരെ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഒറ്റദിവസത്തെ പടയണിയാണ് നടത്തിയിരുന്നത്. മീനത്തിലെ പൂരം നാളിൽ നടക്കുന്നതിനാൽ മീനപ്പൂര പടയണി എന്നപേരിൽ അറിയപ്പെട്ടു തുടങ്ങി. അന്നുമുതൽ കടമ്മനിട്ട ഗോത്രകലാകളരിയാണ് പടയണി അവതരിപ്പിച്ചുവരുന്നത്. തുടർന്ന് 2018 മുതൽ ക്ഷേത്രം ഉപദേശക സമിതിയുടെയും നാട്ടിലെ ഒരു പറ്റം ചെറുപ്പക്കാരുടെയും ശ്രമഫലമായി പുതുതലമുറയ്ക്ക് പടയണി അഭ്യസിക്കുന്നതിന് ആയിരവില്ലേശ്വര കലാഗ്രാമം എന്ന പേരിൽ കലാഗ്രാമം പ്രവർത്തനം ആരംഭിക്കുകയും പടയണിക്കളരികൾ ആരംഭിക്കുകയും ചെയ്തു. കടമ്മനിട്ട പി.ടി. പ്രസന്നകുമാറിന്റെ ശിക്ഷണത്തിൽ കഠിന പരിശീലനത്തിലൂടെ കഴിഞ്ഞ അഞ്ചുവർഷക്കാലമായി ഒരു പറ്റം കലാകാരൻമാർ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
രാജേഷ് മേപ്പള്ളിൽ സ്മാരക പടയണി പുരസ്‌കാരം പ്രസന്നകുമാർ കടമ്മനിട്ടയ്ക്ക്
—
പടയണിയെ പ്രോത്സാഹിപ്പിക്കുകയും ഓൺലൈനിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ലോകം മുഴുവൻ എത്തിക്കുകയും വെട്ടൂർ കലാഗ്രാമത്തിന്റെ ആരംഭം മുതൽ അതിനൊപ്പം നിൽക്കുകയും ചെയ്ത കലാകാരനും സാങ്കേതികവിദഗ്ധനുമായിരുന്നു രാജേഷ് മേപ്പള്ളിൽ. അകാലത്തിൽ വിട്ടുപിരിഞ്ഞ രാജേഷിനൊടുള്ള ആദരസൂചകമായിട്ട് കലാഗ്രാമം ഏർപ്പെടുത്തിയതാണ് രാജേഷ് മേപ്പള്ളിൽ സ്മാരക പടയണി പുരസ്‌കാരം. പ്രഥമപുരസ്‌കാരം പടയണി ആചാര്യനും ഫോക് ലോർ അക്കാദമി പുരസ്‌കാര ജേതാവും കടമ്മനിട്ട ഗോത്രകലാകളരിയുടെ മുഖ്യസംഘാടകനുമായ പ്രസന്നകുമാർ കടമ്മനിട്ടയ്ക്കാണ്. പുരസ്‌കാരം മീനപ്പൂരപ്പടയണി ദിവസമായ ഏപ്രിൽ 10ന് രാത്രി 10ന് സമ്മാനിക്കുമെന്ന് ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ബാബുക്കുട്ടൻ ചാങ്ങയിൽ, സെക്രട്ടറി സന്തോഷ് പാലയ്ക്കൽ, കലാഗ്രാമം പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, സെക്രട്ടറി വെട്ടൂർ മജീഷ് എന്നിവർ അറിയിച്ചു.>>> ലേഖനം തയ്യാറാക്കിയത് ഡോ. നിബുലാൽ വെട്ടൂർ, കൺവീനർ, ഉത്സവക്കമ്മിറ്റി, ഫോണ്‍ 98479 87278. >>> https://www.facebook.com/vettoorpadenigramam/