പത്തനംതിട്ട : കടമ്മനിട്ട ഭഗവതീക്ഷേത്രത്തിലെ പടയണി ഉത്സവം ഏപ്രിൽ 14 മുതൽ 23 വരെ നടക്കും. 14-ന് രാത്രി ഒൻപതിന് ക്ഷേത്രം ശ്രീകോവിലിൽനിന്ന് മേൽശാന്തി ബി.കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി ചൂട്ടുകറ്റയിൽ പകർന്നുനൽകുന്ന അഗ്നി, പടയണി ആശാൻ പി.ടി. പ്രസന്നകുമാർ ഏറ്റുവാങ്ങി പടയണിക്കളത്തിലെ ചൂട്ടുകല്ലിൽവെയ്ക്കും. തുടർന്ന് പച്ചത്തപ്പുകൊട്ടി ഭഗവതിയെ വിളിച്ചിറക്കിയശേഷം ഐക്കാട്ട് കുടുംബക്കാരണവർ നാളികേരം മുറിച്ച് തുളസി ഇലയും അക്ഷതവും ഇട്ട് പത്തുനാൾ നീളുന്ന പടയനിയുടെ രാശിഫലം അറിയിക്കുന്നതോടെ പ്രസിദ്ധമായ കടമ്മനിട്ട പടയണിക്ക് തുടക്കമാകും.
15-ന് രാത്രി ഒൻപതിന് പച്ചത്തപ്പുകൊട്ടിലൂടെ വിളിച്ചിറക്കൽ ചടങ്ങ് നടക്കും. 16-ന് കാച്ചിക്കൊട്ട് പടയണിക്ക് തുടക്കമാവും. 19-ന് പടയണിക്കൊപ്പം സവിശേഷമായ അടവി നടക്കും. 21-ന് രാത്രി 11-ന് കടമ്മനിട്ട ഗോത്രകലാ കളരിയുടെ നേതൃത്വത്തിൽ വലിയ പടയണി അരങ്ങേറും. 22-ന് പുലർച്ചെ മംഗളഭൈരവി തുള്ളി പൂപ്പട വാരി, കരവഞ്ചി ഇറക്കിയശേഷം തട്ടുമ്മേൽ കളിയോടെ രാത്രി പടയണി സമാപിക്കും. 22-ന് പള്ളിഉറക്കമായതിനാൽ അന്ന് ചടങ്ങുകൾ ഒന്നുമില്ല.