കോട്ടാങ്ങല്‍: തടിച്ചുകൂടിയ രണ്ടു കരക്കാരുടേയും സാന്നിധ്യത്തിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കോട്ടാങ്ങല്‍ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ 28 പടയണിക്കു ചൂട്ടു വെച്ചു. കുളത്തൂർ കരയിൽ താഴത്തു വീട്ടിൽ കൊട്ടാരത്തിൽ മൂത്തോമുറി കൃഷ്ണപിള്ളയും കോട്ടാങ്ങൽ കരയിൽ പുളിക്കൽ കൊട്ടാരത്തിൽ സുരേഷ് കുമാറും ആണ് ചൂട്ടു വെച്ചത്. കരക്കാരുടെ അനുവാദം തേടി 28 പടയണിക്ക് ചൂട്ടുവെച്ചപ്പോൾ കരകൾ ആവേശത്തിമിർപ്പിൽ ആയി. വൃതശുദ്ധിയുടെയും മുന്നൊരുക്കത്തിന്റെയും നാളുകൾ, കരകളെ ആത്മീയ ഉണർവിലേക്കു നയിക്കുന്നു. ജനുവരി 11 നു ക്ഷേത്രത്തിൽ എട്ടു പടയണിക്കു ചൂട്ടു വെക്കുന്നു. 12 നു ചൂട്ടു വലത്തു നടക്കും. 13,14 തീയതികളിൽ ഗണപതി കോലവും, 15,16തീയതികളിൽ അടവിയും നടക്കും.
17,18 തീയതികളിൽ വലിയ പടയണിയും നടക്കും. 17, 18 തീയതികളിൽ നടക്കുന്ന മഹാഘോഷയാത്രയും വേലയും വിളക്കും എന്നിവ വലിയ പടയണി നാളിലെ പ്രധാന ആകർഷണമാണ്.
കുളത്തൂർ കരയിലെ ചടങ്ങുകൾക്ക് മൂത്തോമുറി കൃഷ്ണപിള്ള, അഡ്വ. പി അജീഷ് പുറത്തൂട്ട് , ടി എ വാസു കുട്ടൻ നായർ തടത്തിൽ, രതീഷ് ചളുകാട്ട്, കെ കെ ഹരികുമാർ, ടി സുനിൽ താന്നിയ്ക്ക പൊയ്കയിൽ എന്നിവർ നേതൃത്വം നൽകി. കോട്ടാങ്ങൽ കരയിലെ ചടങ്ങുകൾക്ക് എൻ ജി രാധാകൃഷ്ണൻ നായർ നെടുംപുറത്ത്, അരുൺ കൃഷ്ണ കാരക്കാട്, സുരേഷ് കുമാർ കുളയാംകുഴിയിൽ, അനീഷ് ചുങ്കപ്പാറ, സുനിൽ വെള്ളിക്കര എന്നിവർ നേതൃത്വം നൽകി.