പത്തനംതിട്ട : കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം അനുവദിച്ച് ലഭിക്കുന്നതിന് അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നല്‍കിയിരുന്ന അപേക്ഷകളില്‍ കാലതാമസം വന്ന ഫയലുകളില്‍ അടിയന്തിരമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് അദാലത്ത് നടത്തി. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ താലൂക്ക് ഓഫീസില്‍ നടത്തിയ അദാലത്ത് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
അദാലത്തില്‍ പരിഗണനയ്ക്ക് വന്ന 100 കേസുകളില്‍ 50 എണ്ണത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അന്തിമ ഉത്തരവ് നല്‍കി. അന്തിമ ഉത്തരവ് ബന്ധപ്പെട്ട അപേക്ഷകര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വിതരണം ചെയ്തു. ഗവണ്‍മെന്റ് തീരുമാന പ്രകാരം നടപടി പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള കേസുകളിലും ഇത്തരത്തില്‍ തുടര്‍ന്നും അദാലത്തുകള്‍ സംഘടിപ്പിച്ച് അടിയന്തര പരിഹാരം ഉണ്ടാകണം എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി അധ്യക്ഷനായിരുന്നു. ആര്‍ഡിഒ തുളസീധരന്‍പിള്ള, തഹസില്‍ദാര്‍ ജോണ്‍ സാം, ഭൂരേഖ തഹസില്‍ദാര്‍ സന്തോഷ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് കെ.സുരേഷ്, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.