രാമങ്കരി : ക്വിന്റലിന് 15 കിലോ വരെ കിഴിവ് കുട്ടനാട്ടില്‍ കര്‍ഷകരെ മില്ലുടമകള്‍ പിഴിഞ്ഞൂറ്റുന്നു.സാധാരണ ഒന്നര മണിക്കൂര്‍കൊണ്ട് ഒരേക്കര്‍ പാടം കൊയ്തെടുക്കാമെങ്കില്‍ നെല്‍ച്ചെടികള്‍ വീണുകിടക്കുന്നതിനാല്‍ ഇതിന് രണ്ടര-മൂന്ന് മണിക്കൂര്‍ വരെ എടുക്കും. കൊയ്ത്തുചെലവ് കൂടുന്നതിനൊപ്പം നഷ്ടവും കൂടും. മഴയത്ത് നെല്ലിന് കൂടുതല്‍ ഈര്‍പ്പമടിക്കുന്നെന്ന് ചൂണ്ടിക്കാട്ടി നെല്ലിന് കൂടുതല്‍ കിഴിവ് ഏജന്റുമാര്‍ ആവശ്യപ്പെടുന്നത്. 17 ശതമാനം വരെ ഈര്‍പ്പമാണ് നെല്ലിന് അനുവദനീയം. ഇത് കൂടുന്നതനുസരിച്ച് ക്വിന്റലിന് കിഴിവ് 15 കിലോ വരെയാണ് ഏജന്റുമാര്‍ ആവശ്യപ്പെടുന്നത്.
വെളിയനാട് കൃഷിഭവന്‍ പരിധിയിലെ പള്ളിക്കണ്ടം പാടത്താണ് അന്യായ കിഴിവ് ആവശ്യപ്പെട്ടതായി കര്‍ഷകരുടെ പരാതിയുള്ളത്. ശക്തമായ മഴയത്ത് പാടത്തെ വിളഞ്ഞ നെല്‍ച്ചെടികളെല്ലാം വീണു. വെള്ളം പൊങ്ങിവരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് കൊയ്‌തെടുക്കുക മാത്രമായിരുന്നു മാര്‍ഗം. മില്ലുകാരെ ബന്ധപ്പെട്ടപ്പോള്‍ കൊയ്യാമെന്ന് പറഞ്ഞുവന്നു. എന്നാല്‍, ക്വിന്റലിന് 15 കിലോ കിഴിവ് ആവശ്യപ്പെടുകയായിരുന്നു. നല്‍കാന്‍ സാധിക്കില്ലെന്നു പറഞ്ഞപ്പോള്‍ കൊയ്യാന്‍ മില്ലുകാര്‍ തയാറായില്ല. പിന്നീട് പാഡി ഓഫിസര്‍ ഇടപെട്ട് മൂന്നുകിലോ കുറച്ച് 12 കിലോ കിഴിവ് മതിയെന്ന ധാരണയില്‍ എത്തി. കൃഷിച്ചെലവും മറ്റും കഴിഞ്ഞ് ഒരുലക്ഷം രൂപയോളം നഷ്ടമാണ് ഇതുമൂലം സംഭവിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. വിഷയം അധികൃതര്‍ ഗൗരവമായി കണ്ട് ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
വെള്ളം കയറിയും ചെടികള്‍ വീണും വേനല്‍ മഴയില്‍ തകര്‍ന്ന കര്‍ഷകര്‍ക്ക് നെല്ല് കൊയ്തെടുക്കല്‍ വെല്ലുവിളിയാണ്. അതിനിടെ, വിളവെടുപ്പ് പൂര്‍ത്തിയാക്കാതെ കൊയ്ത്തുയന്ത്രം കയറ്റിക്കൊണ്ടുപോയതായും പരാതിയുണ്ട്. നീലംപേരൂര്‍ കൃഷിഭവന്‍ പരിധിയിലെ മാരാന്‍കായലിലെ ഒരുവിഭാഗം കര്‍ഷകരാണ് ഇതോടെ ദുരിതത്തിലായത്. പാടശേഖര സമിതിയുടെ നിരുത്തരവാദപരമായ സമീപനമാണ് കാരണമെന്നാണ് കര്‍ഷകരുടെ പരാതി.1200 ഏക്കറുള്ള പാടത്ത് വിളവെടുപ്പ് നിശ്ചയിച്ച് ഒരുമാസം മുമ്പ് കൊയ്ത്തുയന്ത്രം എത്തിച്ചതാണ്. പിന്നീട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് കൊയ്ത്താരംഭിച്ചത്. അപ്പോഴേക്കും മഴ ശക്തമായി. 400 ഏക്കറോളം പാടത്തെ കൊയ്ത്ത് പൂര്‍ത്തിയാകാനിരിക്കെയാണ് യന്ത്രങ്ങള്‍ കയറ്റിപ്പോയത്