റാന്നി : നാടിന്റെ പ്രധാന വികസന പ്രവര്‍ത്തനങ്ങളിലൊന്നാണ് ജേക്കബ്‌സ് റോഡിന്റെ ഉദ്ഘാടനത്തിലൂടെ സാധ്യമായതെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. പാടിമണ്‍ -കോട്ടാങ്ങല്‍ ജേക്കബ്‌സ് റോഡിന്റെ ഉദ്ഘാടനം വായ്പ്പൂര് ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജേക്കബ്‌സ് റോഡില്‍ രണ്ടു റോഡുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. നാടിന്റെ പൊതു വികസനം മാത്രമല്ല നിര്‍ദിഷ്ട വിമാനത്താവളത്തിന്റെ വരവു കൂടി മുന്നില്‍ക്കണ്ടാണ് ഇത്തരത്തിലുള്ള വികസന പ്രവര്‍ത്തനം സാധ്യമാക്കിയത്. റോഡിന്റെ മറ്റു വികസനത്തിനായി നാലു കോടി രൂപയുടെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. 17.50 കിലോമീറ്റര്‍ നീളമാണ് ജേക്കബ്‌സ് റോഡിനുള്ളത്. 36.90 കോടി രൂപയ്ക്കാണ് പദ്ധതി പൂര്‍ത്തിയായത്.
ജി എസ്.ബി, ഡബ്ല്യു എംഎം എന്നിവ ഉപയോഗിച്ച് 5.70 മീറ്റര്‍ വീതിയില്‍ ബിഎം.ആന്‍ഡ് ബിസി നിലവാരത്തില്‍ ഉപരിതലം പുതുക്കി. ട്രാഫിക് സംരക്ഷണത്തിന് കരുതല്‍ നല്‍കുന്ന വിവിധ തരം സൈന്‍ ബോര്‍ഡുകളുടെ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അംഗം ദീപ്തി ദാമോദരന്‍, പിഡബ്ല്യുഡി റോഡ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷീനാ രാജന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. കരുണാകരന്‍ കെ.സുരേഷ്, റ്റി.എസ്, അനീഷ്, സാബു മരുതേന്‍കുന്നേല്‍, കെ.ഇ. അബ്ദുള്‍ റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.