തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്‍റെ പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന തലത്തില്‍ പരമോത സംസ്ഥാന ബഹുമതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ കാര്യം തീരുമാനിച്ചത്.
കേരള പുരസ്‌കാരം എന്നാണ് പുരസ്‌കാരത്തിന്റെ പേര്. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി പുരസ്‌കാരം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുരസ്‌കാരങ്ങളുടെ എണ്ണവും, വിവരവും വിജ്ഞാപനം ചെയ്ത് എല്ലാ വര്‍ഷവും ഏപ്രില്‍ മാസം പൊതുഭരണ വകുപ്പ് നാമനിര്‍ദേശങ്ങള്‍ ക്ഷണിക്കും. പുരസ്‌കാരം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പ്രഖ്യാപിക്കും ചെയ്യും. രാജ്ഭവനില്‍ പുരസ്‌കാര വിതരണം നടക്കും.
വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവന നല്‍കുന്നവര്‍ക്കാണ് പുരസ്‌കാരം നല്‍കുക. ഇതില്‍ കേരള ജ്യോതി പുരസ്‌കാരം ഒന്നും കേരള പ്രഭ രണ്ടുപേര്‍ക്കും കേരള ശ്രീ പുരസ്‌കാരം അഞ്ചുപേര്‍ക്കും നല്‍കും. പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനയ്‌ക്ക് ശേഷമാകും പുരസ്‌കാര സമിതി ബഹുമതികള്‍ പ്രഖ്യാപിക്കുക.