പായിപ്പാട് : ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിലെ വിഗ്രഹലബ്ധി സ്മാരകമായി നടത്തുന്ന പായിപ്പാട് ജലോത്സവം തിരുവോണനാളായ ചൊവ്വാഴ്ച തുടങ്ങും. വ്യാഴാഴ്ച മത്സരവള്ളംകളിയോടെ സമാപിക്കും. ഒൻപതു ചുണ്ടൻവള്ളങ്ങളുൾപ്പെടെ മുപ്പതോളം കളിവള്ളങ്ങൾ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ ഏഴിന് ജലോത്സവസമിതി വൈസ്‌ചെയർമാൻ കെ. കാർത്തികേയൻ പതാകയുയർത്തും. തുടർന്ന് മത്സരവള്ളംകളിയിൽ പങ്കെടുക്കുന്ന ചുണ്ടൻവള്ളങ്ങൾ നെൽപ്പുരക്കടവിലെത്തി അവിടെനിന്നു വഞ്ചിപ്പാട്ടുപാടി ആചാരപ്രകാരം ഹരിപ്പാട് ക്ഷേത്രദർശനം നടത്തും. ഉച്ചയ്ക്കു രണ്ടിന് കുട്ടികളുടെ ജലമേള ചെറുതന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് എബി മാത്യു ഉദ്ഘാടനം ചെയ്യും. വീയപുരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എ. ഷാനവാസ് അധ്യക്ഷത വഹിക്കും.
ബുധനാഴ്ച രാവിലെ ഒൻപതിന് കാർഷിക സെമിനാർ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. ഓമന ഉദ്ഘാടനം ചെയ്യും. പ്രണവം ശ്രീകുമാർ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് ജലമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രുക്മിണി രാജു ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് വഞ്ചിപ്പാട്ടുമത്സരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-ന് മത്സരവള്ളംകളി മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ.അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ ജലഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. തോമസ് കെ. തോമസ് എം.എൽ.എ., ദേശീയ അവാർഡുജേതാക്കളായ വീയപുരം, ചെറുതന പഞ്ചായത്തുകളെ ആദരിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി. സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി സമ്മാനവിതരണവും നടത്തും.