പൈതൽമല-പാലക്കയംതട്ട്-കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ട് സ്ഥാപിക്കാൻ വനം-ടൂറിസം മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ജോൺ ബ്രിട്ടാസ് എം.പി സമർപ്പിച്ച പദ്ധതിയെക്കുറിച്ച് ചർച്ചചെയ്യാനാണ് യോഗം ചേർന്നത്. ഉത്തരമലബാറിന്റെ ടൂറിസം ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള ഈ സർക്യൂട്ടിന്റെ വികസനം വിനോദസഞ്ചാര മേഖലയിൽ വലിയ കുതിപ്പിന് വഴിവെക്കുമെന്ന് മന്ത്രിമാരായ എ.കെ.ശശീന്ദ്രനും പി.എ മുഹമ്മദ് റിയാസും പറഞ്ഞു.
വികസനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കാൻ വനം-ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്തപരിശോധന ഈമാസം തന്നെ നടക്കും. ഈ റിപ്പോർട്ട് കിട്ടിയാൽ ഒക്ടോബർ ആദ്യപകുതിയിൽ തന്നെ മന്ത്രിമാരുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേരും. പൈതൽമല ടൂറിസം പദ്ധതിക്ക് അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രമുണ്ടെങ്കിലും ഇന്നും പ്രാഥമിക സൗകര്യങ്ങൾ പോലും അവിടെയില്ലെന്ന് ജോൺബ്രിട്ടാസ് എം.പി പറഞ്ഞു. സ്വാഭാവിക വനത്തിന് കോട്ടംതട്ടാതെ പൈതൽമല പദ്ധതി വനംവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കാനാണ് സർക്കാറിന്റെ തീരുമാനം.
പ്രവേശന സംവിധാനങ്ങൾ, ട്രക്കിങ് പാത്ത് വേകൾ, ശൗചാലയങ്ങൾ, പാർക്കിങ് സൗകര്യം, ഇക്കോ ഷോപ്പുകൾ, വാച്ച് ടവർ, വ്യൂ പോയിന്റ് എന്നിവ നിർമിക്കും. കുറിഞ്ഞിപ്പൂക്കൾ ഉൾപ്പെടെയുള്ള ജൈവവൈവിധ്യങ്ങളുടെ സൂചകങ്ങൾ തയ്യാറാക്കൽ, ബൈനോക്കുലർ സംവിധാനം, ടൂറിസം റിസോർട്ട് പുനരുദ്ധാരണം തുടങ്ങിയവയും ഉടൻ യാഥാർഥ്യമാക്കും.
കാരവൻ പദ്ധതി, ടെന്റുകൾ, ഹട്ടുകൾ, റോപ്പ് വേ എന്നിവ ഉൾപ്പെടെ ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട പദ്ധതികൾ സംബന്ധിച്ചും വിദഗ്ധസംഘത്തിന്റെ സന്ദർശനത്തിനുശേഷം രൂപരേഖ തയ്യാറാക്കും. കാഞ്ഞിരക്കൊല്ലിയുടെ വികസനസാധ്യതകൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് വനംവകുപ്പ് പഠിച്ച് റിപ്പോർട്ട് നൽകും.
പാലക്കയംതട്ടിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് എം.പി സമർപ്പിച്ച കരട് നിർദേശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർദേശം നൽകി. ഇവിടെ സർക്കാർ ഭൂമി കൈയേറിയത് സംബന്ധിച്ചുള്ള പരാതികൾ അന്വേഷിക്കാനും നിർദേശമുണ്ട്.