കറാച്ചി: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനും കൊടും ഭീകരനുമായ മസൂദ് അസറിന് പാക് സർക്കാരിന്റെ വക 14 കോടി രൂപയുടെ നഷ്ടപരിഹാരം. പഹൽഗാം ആക്രമണത്തിനുള്ള ഇന്ത്യൻ തിരിച്ചടിയിൽ കൊല്ലപ്പെട്ടവരുടെ നിയമപരമായ അവകാശികൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരമായി നൽകുമെന്ന് കഴിഞ്ഞദിവസം പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അസറിന് വൻതുക നഷ്ടപരിഹാരം ലഭിക്കുന്നത്. ഇയാളുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ പതിനാലുപേരെയാണ് ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ അസറിന്റെ മൂത്ത സഹോദരിയും ഭർത്താവും ഉൾപ്പെട്ടിരുന്നു. അറസിന്റെ ഉറ്റ ബന്ധുക്കളായ ആരും ഇനി ശേഷിക്കുന്നില്ലെന്നാണ് വിവരം. അത് ശരിയാണെങ്കിൽ പതിനാലുകോടി അസറിന് തന്നെ ലഭിക്കുമെന്നാണ് റിപ്പോർട്ട്. വ്യോമാക്രമണത്തിൽ തകർന്ന വീടുകൾ പുനഃർനിർമ്മിക്കാനുള്ള സഹായവും നഷ്ടപരിഹാര പദ്ധതിയിലുണ്ട്.
ഇതിൽപ്രകാരം അസറിന് പുതിയ വീടും പാക് സർക്കാർ നിർമ്മിച്ചുനൽകുമെന്നാണ് റിപ്പോർട്ടുകൾ. അസറിന്റെ വാസസ്ഥലം ഇന്ത്യൻ സൈന്യം തകർത്ത് തരിപ്പണമായിക്കിയിരുന്നു.അതിനിടെ, നഷ്ടപരിഹാരത്തിന്റെ മറവിൽ ഭീകരരെ സഹായിക്കാനുളള നടപടിയാണ് പാകിസ്ഥാൻ നടത്തുന്നതെന്ന ആക്ഷേപം രാജ്യത്തുനിന്നുതന്നെ ഉയരുന്നുണ്ട്. ഭീകര താവളങ്ങളെയും പരിശീലന കേന്ദ്രങ്ങളെയും മാത്രമാണ് ഇന്ത്യൻ സൈന്യം ലക്ഷ്യം വച്ചതും നശിപ്പിച്ചതും. സിവിലിയർ കേന്ദ്രങ്ങളിലൊന്നും ഇന്ത്യ ആക്രമണം നടത്തിയില്ല. സത്യം ഇതായിരിക്കെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് സഹായം നൽകുമെന്ന പ്രഖ്യാപനം മസൂദ് അസറിനെപ്പോലുള്ള ഭീകരരെ സഹായിക്കാനാണെന്നാണ് ആക്ഷേപം. എന്നാൽ ആക്രമണത്തിൽ നിരവധി സിവിലിയൻമാരും അവരുടെ വീടുകളും തകർന്നിട്ടുണ്ടെന്നാണ് പാകിസ്ഥാൻ പറയുന്നത്.