ലാഹോർ: കുട്ടികൾക്ക് വാക്സിൻ എടുക്കുന്നതിൽ വിമുഖത കാണിച്ചാൽ കർശന നടപടികളെടുക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ സർക്കാർ. വാക്സിനെടുക്കാൻ തയ്യാറാകാത്ത മാതാപിതാക്കൾക്കെതിരെ ശിക്ഷാനടപടികളടക്കം സ്വീകരിക്കാനൊരുങ്ങുകയാണ് പാകിസ്ഥാനെന്ന് അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. സിന്ധ് പ്രവിശ്യയിൽ ആവിഷ്കരിച്ച പുതിയ നിയമപ്രകാരം കുട്ടികൾക്കുള്ള വാക്സിനേഷനെ നിഷേധിക്കുന്ന മാതാപിതാക്കൾക്ക് പിഴയോ ജയിൽശിക്ഷയോ വരെ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പാകിസ്ഥാനിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന പോളിയോ രോഗത്തെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം. ഡിഫ്തീരിയ, ടെറ്റനസ്, മീസിൽസ്, റുബെല്ല തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിൻ നിഷേധിക്കുന്നതടക്കം ഇതിൽപ്പെടും. കുട്ടികൾക്ക് വാക്സിൻ നിഷേധിക്കുന്ന മാതാപിതാക്കൾക്ക് ഒരുമാസം തടവുശിക്ഷയോ അമ്പതിനായിരം പാകിസ്ഥാനി രൂപയോ(Rs 13, 487) പിഴയായി ശിക്ഷ ലഭിക്കാം. കഴിഞ്ഞയാഴ്ച്ച ഇത് സംബന്ധിച്ച നിയമത്തിൽ ഒപ്പുവച്ചതെന്നും ഈമാസത്തോടെ പ്രാബല്യത്തിൽ വരുമെന്നും ദി ഗാർഡിയന്‍റെ റിപ്പോർട്ടിൽ പറയുന്നു.