ഇസ്‍ലാമാബാദ്: 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ആദ്യമായി പ്രതികരിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ആക്രമണത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണത്തിന് പാകിസ്താൻ തയ്യാറാണെന്ന് ഷഹബാസ് ഷരീഫ് പറഞ്ഞു. ഖൈബർ പക്തൂൻഖ്വ മിലിട്ടറി അക്കാദമിയിൽ സൈനികരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കയായിരുന്നു അദ്ദേഹം. “പഹൽഗാമിലെ ദുരന്തം കുറ്റപ്പെടുത്തൽക്കളിയുടെ മറ്റൊരു ഉദാഹരണമാണ്. ഉത്തരവാദിത്വമുള്ള രാജ്യമെന്നനിലയിൽ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിലും സഹകരിക്കാൻ പാകിസ്താൻ തയ്യാറാണ്” -ഷഹബാസ് പറഞ്ഞു. പാകിസ്താന് അവകാശപ്പെട്ട സിന്ധുനദീജലം തരാതിരിക്കുകയോ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുകയോ ചെയ്താൻ അതിനെ എല്ലാമാർഗവുമുപയോഗിച്ച് തിരിച്ചടിക്കുമെന്നും ഷരീഫ് ഭീഷണി മുഴക്കി.
സിന്ധുനദീജലം രാജ്യത്തിന്റെ ജീവരേഖയാണ്. അത് പൊതുതാത്പര്യമാണ്. അതിന്റെ ലഭ്യത എന്തുവിലകൊടുത്തും ഉറപ്പാക്കുമെന്നും ഷരീഫ് വ്യക്തമാക്കി. പാകിസ്താന്റെ ഭൂമി സംരക്ഷിക്കാനായി സൈന്യത്തിനൊപ്പും രാജ്യവും അണിചേരുമെന്നും പറഞ്ഞു. തെളിവില്ലാതെ ഇന്ത്യ, പാകിസ്താനെ കുറ്റപ്പെടുത്തുകയാണെന്നും തങ്ങൾ സമാധാനത്തിനാണ് മുൻഗണന നൽകുന്നതെന്നും അത് തങ്ങളുടെ ബലഹീനതയായി കണക്കാക്കരുതെന്നും പറഞ്ഞു. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ല. അതിന് സൈന്യം പൂർണസജ്ജരാണ്. പാകിസ്താൻ ഭീകരവാദത്തിന് എല്ലായ്‌പ്പോഴും എതിരാണെന്നും അതുമായി ബന്ധപ്പെട്ട് 90,000 പേരുടെ ജീവനും 60,000 കോടി ഡോളറിന്റെ സാമ്പത്തികനഷ്ടവും തങ്ങൾക്കുണ്ടായിട്ടുണ്ടെന്നും പറഞ്ഞു. മുഹമ്മദലി ജിന്ന കശ്മീരിനെ ‘പാകിസ്താന്റെ സിര’യെന്നാണ് വിശേഷിപ്പിച്ചതെന്നും ഷഹബാസ് എടുത്തുപറഞ്ഞു.