ഇസ്‌ലാമാബാദ്: ആസൂത്രിത ആക്രമണമാണ് ഇന്ത്യ നടത്തിയതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയുടെ ആക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടു എന്നും ഷെഹ്ബാസ് ഷെരീഫ് ആരോപിച്ചു. പാകിസ്താനുമേല്‍ ഇന്ത്യ ആണവ ആക്രമണം നടത്താന്‍ പോലും മടിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് പാകിസ്താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണ്. ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ ഇന്ത്യയുടെ 80 യുദ്ധ വിമാനങ്ങള്‍ പാകിസ്താനെ ആക്രമിക്കാന്‍ ഉപയോഗിച്ചു. ഇരുട്ടിന്റെ മറവില്‍ ഒളിയാക്രമണമാണ് ഇന്ത്യ നടത്തിയത് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
പാകിസ്താന്റെ ധീരസൈനികര്‍ ഇന്ത്യയെ പ്രതിരോധിച്ചെന്നും പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യയുടെ മൂന്ന് റഫാല്‍ വിമാനമുള്‍പ്പെടെ അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്നും പാക് സൈന്യം ഇന്ത്യയ്ക്ക് തക്കതായ മറുപടി നല്‍കിയെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ബലൂചിസ്ഥാനില്‍ ട്രെയിന്‍ ഹൈജാക്ക് ചെയ്തത് ഇന്ത്യയുടെ നീക്കമാണെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ടിടിപി (തെഹ്‌രീക് ഇ താലിബാന്‍ പാകിസ്താന്‍), ബിഎല്‍എ (ബലൂച് ലിബറേഷന്‍ വോയ്‌സ്) എന്നിവരുമായി ചേര്‍ന്നാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും നിരപരാധികളെ കൂട്ടക്കൊല ചെയ്തുവെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ഇന്ത്യ റഫേല്‍ ജെറ്റുകളില്‍ അഭിമാനിക്കുന്നുവെന്നും അഭിമാനം കൊണ്ട് മാത്രം ഒന്നും നേടാനാവില്ലെന്നും കഠിനാധ്വാനമാണ് പ്രധാനമെന്നും ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി.