ഇസ്ലാമാബാദ് : പാകിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിയെ ഇന്ന് തിരഞ്ഞെടുക്കും. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരൻ ഷെഹ്ബാസ് ഷെരീഫാണ് പി.എം.എൽ – എൻ – പി.പി.പി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി. മുൻ മന്ത്രി ഒമർ അയൂബ് ആണ് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി.ടി.ഐയുടെ (പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ്) പ്രധാനമന്ത്രി സ്ഥാനാർത്ഥി. മുൻ പ്രധാനമന്ത്രി കൂടിയായ ഷെഹ്ബാസ് വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഇരുവരും നോമിനേഷനുകൾ ഇന്നലെ സമർപ്പിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.2022 ഏപ്രിലിൽ അവിശ്വാസ വോട്ടിലൂടെ ഇമ്രാൻ ഖാനെ പുറത്താക്കിയതിന് പിന്നാലെയാണ് 72കാരനായ ഷെഹ്ബാസ് പ്രധാനമന്ത്രിയായത്.
കഴിഞ്ഞ ഓഗസ്റ്റ് വരെ അദ്ദേഹം തുടർന്നു. ഏറ്റവും കൂടുതൽ കാലം പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി പദത്തിലിരുന്നത് ഷെഹ്ബാസാണ്.ഈ മാസം 8ന് നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷമായ 134 സീറ്റ് ആരും നേടാതെ വന്നതോടെ സർക്കാർ രൂപീകരിക്കാൻ നവാസ് ഷെരീഫിന്റെ പി.എം.എൽ – എന്നും (പാകിസ്ഥാൻ മുസ്ലിം ലീഗ്- നവാസ്) ബിലാവൽ ഭൂട്ടോ സർദ്ദാരിയുടെ പി.പി.പിയും ധാരണയിലെത്തിയിരുന്നു. മറ്റ് നാല് പാർട്ടികളുടെ പിന്തുണയും സഖ്യത്തിനുണ്ട്. അതേ സമയം, 93 സീറ്റുമായി പി.ടി.ഐയുടെ സ്വതന്ത്രരാണ് തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയത്. പി.എം.എൽ – എൻ 75ഉം പി.പി.പി 54ഉം വീതം നേടി.