ന്യൂഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലെ വെബ്സൈറ്റുകള്‍ ലക്ഷ്യമിട്ട് പാക് ഹാക്കിങ് ഗ്രൂപ്പുകള്‍ നടത്തിയത് 15 ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങള്‍. എന്നാല്‍ ഇതില്‍ 150 എണ്ണം മാത്രമാണ് വിജയിച്ചതെന്ന് റിപ്പോര്‍ട്ടുകൾ. 99.99 ശതമാനം സൈബര്‍ ആക്രമണങ്ങളും പരാജയപ്പെട്ടുവെന്നാണ് അധികൃതര്‍ കണ്ടെത്തിയിട്ടുള്ളത്. പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെല്ലാം ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തിരുന്നു. പാക് ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ സൈന്യം കനത്ത നാശംവിതയ്ക്കുകയും ചെയ്തു. പിന്നാലെയാണ് പാക് ഗ്രൂപ്പുകളുടെ സൈബര്‍ ആക്രമണങ്ങളും ഫലം കണ്ടില്ലെന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.
ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സായുധ സേന നടത്തിയ സൈനിക ഓപ്പറേഷന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മഹാരാഷ്ട്രയിലെ നോഡല്‍ സൈബര്‍ ഏജന്‍സി പാകിസ്താന്‍ ഹാക്കിംഗ് ഗ്രൂപ്പുകള്‍ നടത്തിയ സൈബര്‍ യുദ്ധം വിശദീകരിച്ചിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, സ്റ്റേറ്റ് ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ഏജന്‍സികള്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, പാകിസ്താന്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ഇന്‍ഡോനീഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് സൈബര്‍ ആക്രമണങ്ങളുടെ ഉത്ഭവമെന്ന് മഹാരാഷ്ട്ര സൈബര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് യശസ്വീ യാദവ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും സൈനിക നടപടികള്‍ നിര്‍ത്തിവെക്കാന്‍ ധാരണയിലെത്തിയ ശേഷവും രാജ്യത്തെ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ അയല്‍രാജ്യങ്ങളില്‍ നിന്നും ബംഗ്ലാദേശില്‍നിന്നും പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്നും സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷം ഇന്ത്യയിലെ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ലക്ഷ്യമാക്കിയുള്ള സൈബര്‍ ആക്രമണങ്ങള്‍ കുറഞ്ഞു. എന്നാല്‍ പൂര്‍ണ്ണമായി നിലച്ചില്ല എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്‍ഡോനീഷ്യ, മൊറോക്കോ, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആക്രമണങ്ങള്‍ തുടരുന്നത്. അതിനിടെ സൈബര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ അധികൃതര്‍ തള്ളിക്കളഞ്ഞു. പ്രധാന വിമാനത്താവളങ്ങളുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും വെബ്സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി എന്ന. തരത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണ്. മാല്‍വെയര്‍ കാമ്പെയ്നുകള്‍, ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് (DDoS) ആക്രമണങ്ങള്‍, ജിപിഎസ് സ്പൂഫിംഗ് എന്നീ രീതികള്‍ ഉപയോഗിച്ചായിരുന്നു സൈബര്‍ ആക്രമണം. ഇത്തരം ആക്രമണങ്ങള്‍ തടഞ്ഞതായും ഇന്ത്യയുടെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.