പാലാ : പാലാ ജനറല്‍ ആശുപത്രിയില്‍ ഉയര്‍ന്ന ഉല്‍പാദന ശേഷിയിലുള്ള മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍ ജനറേറ്റിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ പി.എം.കെയര്‍ ഫണ്ടില്‍ നിന്നുമാണ് 960 എല്‍.പി.എം ഉല്‍പാദന ശേഷിയിലുള്ള പ്ലാന്റ് ഇവിടെ സ്ഥാപിച്ചത്. ഇന്ന് രാവിലെ മുതല്‍ കേന്ദ്രീകൃത ഓക്സിജന്‍ പൈപ്പ് ലൈന്‍ വഴി ആശുപത്രിയിലെ വിവിധ ചികിത്സാ വിഭാഗങ്ങളിലേക്ക് പ്രാണവായു യഥേഷ്ടം ലഭ്യമായി. കോവിഡ് ചികിത്സയിലുള്ള രോഗികള്‍ക്കും ഇതില്‍ നിന്നുമുള്ള ഓക്സിജന്‍ ലഭിച്ചു.
പ്രതിരോധ വകുപ്പിനു കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ ) കീഴിലുള്ള ഡിഫന്‍സ് ബയോ എന്‍ജിനീയറിംഗ് & ഇലട്രോമെഡിക്കല്‍ ലബോറട്ടറി വികസപ്പിച്ചതാണ് പി.എസ്.എ സാങ്കേതിക വിദ്യ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഈ പ്ലാന്റ്. അന്തരീക്ഷവായുവില്‍ നിന്നും 93 ശതമാനം ശുദ്ധിയില്‍ ഓക്സിജന്‍ ലഭ്യമാക്കുന്നതാണ് പ്ലാന്റ്. ഒരേ സമയം 64 വെന്‍റിലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ഓക്സിജന്‍ തുടര്‍ച്ചയായി ഇതില്‍ നിന്നും ലഭിക്കും.192 ഓക്സിജന്‍ ബെഡുകള്‍ക്കും 32 ഹൈ ഫ്ലോ ബെഡുകള്‍ക്കും ഇതില്‍ നിന്നുമുള്ള ഓക്സിജന്‍ പ്രയോജനപ്പെടും. 24 മണിക്കൂറും തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ക്രമീകരണവും ആവശ്യമായ സാങ്കേതിക വിഭാഗം ജീവനക്കാരെയും പരിശീലനം നല്‍കി നിയോഗിച്ചു.
ഇതുവരെ 160-ല്‍ പരം സിലിണ്ടറുകളില്‍ ഓക്സിജന്‍ ശേഖരിച്ച് ഇവിടെ എത്തിച്ചാണ് വിതരണം നടത്തിയിരുന്നത്. സിലിണ്ടറുകള്‍ യഥാസമയം നിറച്ച് ഇവിടെ ഓക്സിജന്‍ ലഭ്യമാക്കുന്നതിന് പലപ്പോഴും കാലതാമസം വരുകയും അധികൃതരേയും രോഗികളെയും ബുദ്ധിമുട്ടിലാക്കുകയും ചെയ്തിരുന്നു. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പ്ലാന്റിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭ്യമാക്കിയത്. എല്‍ & ടി കമ്പിനിക്കായിരുന്നു പ്ലാന്റ് ഇവിടെ കൊണ്ടുവന്ന് സ്ഥാപിക്കുന്നതിന്റെ ചുമതല.