കോട്ടയം: കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലെ പോരില്‍ ജോസ് കെ മാണിക്ക് ജയം. ഇടതുപക്ഷത്ത് ജോസ് കെ മാണിയെ എത്തിച്ച സിപിഎം തീരുമാനം നിര്‍ണ്ണായകമായി. പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഇതിന്റെ ഗുണം ഇടതു പക്ഷത്തിന് കിട്ടി. പാലാ മുന്‍സിപ്പലിറ്റിയില്‍ ഭരണം നേടി. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലും കോട്ടയം ജില്ലാ പഞ്ചായത്തിലും ഇടുക്കി ജില്ലാ പഞ്ചായത്തിലും കോണ്‍ഗ്രസിന് തിരിച്ചടി നേരിടുകയാണ്. പിജെ ജോസഫിന്റെ തട്ടകമായ തൊടുപുഴയിലും യുഡിഎഫിന് മുന്നേറ്റം ഉണ്ടാക്കാനായില്ല. മൊത്തം തെരഞ്ഞെടുപ്പ് ചിത്രത്തിലും ഇടതു പക്ഷത്തിന് തുണയാകുന്നത് ഇത് തന്നെയാണ്.
കേരളാ കോണ്‍ഗ്രസിന്റെ സ്വാധീന ജില്ലകളില്‍ അല്ലാത്തിടത്തെല്ലാം സിപിഎം മുന്നണിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റു കുറഞ്ഞു. സംഘടനാ മികവില്‍ ഇവിടെയെല്ലാം കൂടുതല്‍ സീറ്റുകള്‍ ജയിക്കുമ്പോഴും ശക്തി കേന്ദ്രങ്ങളില്‍ പോലും സിപിഎമ്മിന് ഭീഷണി നേരിട്ടു. എന്നാല്‍ കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ഇതായിരുന്നില്ല സ്ഥിതി. എറണാകുളത്ത് ചില മേഖലകളിലും വോട്ട് നേടി. അങ്ങനെ ജോസ് കെ മാണിയുടെ വരവ് എല്ലാ അര്‍ത്ഥത്തിലും പിണറായി സര്‍ക്കാരിന് നേട്ടമാവുകയാണ്. കേരളാ കോണ്‍ഗ്രസുകളുടെ ഭിന്നിപ്പുണ്ടായിരുന്നില്ലെങ്കില്‍ യുഡിഎഫിന് ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുന്‍തൂക്കം നേടാന്‍ കഴിയുമായിരുന്നു. ഈ വസ്തുതയാണ് മധ്യകേരളത്തിലെ ഫല സൂചനകള്‍ നല്‍കുന്നത്.
ജോസ് കെ മാണി ഇനി ഇടതു മുന്നണിയുടെ ഉശിരന്‍ ‘സഖാവ്’ ആയി മാറുമെന്ന് ഉറപ്പാണ്. പാലാ നഗരസഭ എല്‍ഡിഎഫ് പിടിച്ചെടുത്തത് ജോസ് വിഭാഗത്തിന്റെ ബലത്തില്‍ എന്നതും കേരളാ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകും. ജില്ലാ പഞ്ചായത്തും ജോസിനൊപ്പം ഇടത്തേക്കു ചരിഞ്ഞു. വിലപേശി സീറ്റുകള്‍ വാങ്ങിയിട്ടും യുഡിഎഫില്‍ നിറംമങ്ങി ജോസഫ് വിഭാഗം പുതിയ വെല്ലുവിളി നേരിടുകയാണ്. പിതാവ് ജോസ് കെ മാണി ഊട്ടിവളര്‍ത്തിയ കേരളാ കോണ്‍ഗ്രസിന്റെ രണ്ടില ജോസിന്റെ കൈകളില്‍ തളിര്‍ത്തു തന്നെ നില്‍ക്കും എന്ന സന്ദേശമാണ് മധ്യകേരളത്തില്‍ ഈ ഫലം നല്‍കുന്നത്.
ഇടത് മുന്നണി ചരിത്രത്തില്‍ ആദ്യമായി പാലാ നഗരസഭ പിടിച്ചെടുത്തു. ജോസിന്റെ രണ്ടില ചൂടിയാണ് ഇടത് പാല നഗരസഭ പിടിച്ചെടുത്തത്. മുന്‍ ചെയര്‍മാനും ജോസഫ് വിഭാഗം നേതാവുമായ കുര്യാക്കോസ് പടവന്‍ പാലായില്‍ തോറ്റു. കോട്ടയം ജില്ലാ പഞ്ചായത്തും ഇടത് പക്ഷത്തേക്ക് മറിയുകയാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്നത് കോണ്‍ഗ്രസാണ്. പതിനൊന്ന് സീറ്റുകളുണ്ടായിരുന്നു. എന്നാല്‍ ഇത് മാറുകയാണ്. പത്തനംതിട്ടയില്‍ പത്തോളം സീറ്റുകളില്‍ ഇടതുപക്ഷം ജയിച്ചു. അഞ്ചില്‍ മാത്രമായി കോണ്‍ഗ്രസ് ഒതുങ്ങുന്നു. പഞ്ചായത്തുകളിലും ഇടതു പക്ഷം മുന്നിലെത്തി. ഇതെല്ലാം കേരളാ കോണ്‍ഗ്രസിന്റെ സ്വാധീനമാണ്. ബ്ലോക്കിലും മുന്‍തൂക്കം നേടി. എന്നാല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് നില സുഭദ്രമാക്കുകയും ചെയ്തു.
ഇടുക്കി പഞ്ചായത്തുകളില്‍ യുഡിഎഫിന് മുന്‍തൂക്കമുണ്ട്. എന്നാല്‍ തൊടുപുഴയില്‍ അടക്കം പിജെ ജോസഫിന് വലിയ തിരിച്ചടിയുണ്ടായി. അതായത് ജോസഫിന്റെ ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മുന്നണിക്ക് തിരിച്ചടിയുണ്ടായി. രണ്ടില ചിഹ്നം തിരിച്ചു കിട്ടിയതും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള കോടതി വിധിയുമെല്ലാം ജോസ് കെ മാണിക്ക് തുണയായി. പുതിയ കക്ഷിയുമായി സിപിഎം നേതൃത്വം അതിവേഗം കൈകോര്‍ത്തതും ഫലം കണ്ടു. തികഞ്ഞ ഏകോപനം ഇക്കാര്യത്തില്‍ ഇടതുപക്ഷത്തുണ്ടായി.
ഇനി യുഡിഎഫുമായി 39 വര്‍ഷത്തെ ബന്ധം വിച്ഛേദിച്ച് എല്‍ഡിഎഫിലെത്തി കേരള കോണ്‍ഗ്രസിന് (എം) വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റും കിട്ടും. 15 സീറ്റാണ് സിപിഎമ്മിനോട് ജോസ് കെ മാണി ചോദിച്ചത്. ഇതില്‍ 13 കിട്ടാനും സാധ്യതയുണ്ട്. പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി (അല്ലെങ്കില്‍ കോട്ടയം), കടുത്തുരുത്തി, ചങ്ങനാശേരി, ഇടുക്കി, തൊടുപുഴ, പെരുമ്പാവൂര്‍, പിറവം, ചാലക്കുടി, കുറ്റ്യാടി (അല്ലെങ്കില്‍ തിരുവമ്പാടി), ഇരിക്കൂര്‍ (അല്ലെങ്കില്‍ പേരാവൂര്‍) എന്നീ സീറ്റുകള്‍ കേരള കോണ്‍ഗ്രസിനു (എം) നല്‍കാനാണ് സിപിഎമ്മുമായുള്ള പ്രാഥമിക ചര്‍ച്ചയിലെ ധാരണ. പാലായും നല്‍കും.
കാഞ്ഞിരപ്പള്ളി സീറ്റില്‍ തര്‍ക്കമുണ്ട്. സിപിഐയുമായി ആശയ വിനിമയം നടത്തി തീരുമാനം എടുക്കും. കോട്ടയം ലോക്സഭാ സീറ്റിനൊപ്പം ഇടുക്കിയും കേരളാ കോണ്‍ഗ്രസ് സിപിഎമ്മിനോട് ആവശ്യപ്പെടും. ഇത്തരം ആവശ്യങ്ങളെല്ലാം ന്യായമാണെന്ന് തെളിയിക്കാന്‍ തദ്ദേശത്തിലൂടെ ജോസ് കെ മാണിക്ക് കഴിഞ്ഞിരിക്കുന്നു. കേരള കോണ്‍ഗ്രസിന്റെ 4 എംഎല്‍എമാരില്‍ പി.ജെ. ജോസഫ് (തൊടുപുഴ), മോന്‍സ് ജോസഫ് (കടുത്തുരുത്തി) എന്നിവര്‍ യുഡിഎഫിനൊപ്പമാണ്. അഞ്ചാമത്തെ എംഎല്‍എ സി.എഫ്. തോമസ് (ചങ്ങനാശേരി) അന്തരിച്ചു. റോഷി അഗസ്റ്റിനും ജയരാജുമാണ് ജോസ് കെ മാണിക്കൊപ്പമുള്ളത്. ഇടതുപക്ഷത്തുള്ള കേരളാ കോണ്‍ഗ്രസുകളെ ജോസ് കെ മാണിക്കൊപ്പം കൊണ്ടു വരാനുള്ള നീക്കവും ഇനി സജീവമാകും.
ജോസ് കെ. മാണി എത്തുമ്പോള്‍ കഴിഞ്ഞ തവണ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ്, സ്‌കറിയാ തോമസ് വിഭാഗം, ബാലകൃഷ്ണപിള്ള വിഭാഗം തുടങ്ങിയ കക്ഷികളും ഇടതുമുന്നിയിലുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ് പിജെ ജോസഫിനൊപ്പം പോയി. ഇതോടെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ദുര്‍ബ്ബലമായി. ഈ സാഹചര്യത്തിലാണ് ആന്റണി രാജുവിനോട് ജോസ് പക്ഷത്തേക്ക് ചേരാന്‍ ആവശ്യപ്പെടുന്നത്.