പാലാ : പാലാ നഗരസഭയിൽ ഞൊണ്ടിമാക്കൽ കവലയിലെ തട്ടുകടയിൽ നിന്നും മാലിന്യവെള്ളം തന്റെ വീട്ടിലേക്ക് ഒഴുകുന്നു എന്ന് പരാതിപ്പെട്ട വീട്ടമ്മയുടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മയും ബന്ധുക്കളും ഇന്ന് നഗരസഭാ ആഫിസിലെത്തി സെക്രട്ടറിയെ ഉപരോധിച്ചു. ഓഫീസിലെത്തിയ വീട്ടമ്മ പ്രശ്നം പരിഹരിക്കാൻ നഗരസഭാ ഒന്നും ചെയ്യുന്നില്ലെന്നു പരാതിപ്പെട്ടു.
ആരോഗ്യ വിഭാഗം ജീവനക്കാരെത്തിയെങ്കിലും സാങ്കേതികത്വം പറഞ്ഞു പ്രശ്ന പരിഹാരം നീളുകയായിരുന്നു. ഇന്നലെ തട്ടുകട പൂട്ടിക്കുമെന്ന് നഗരസഭ പറഞ്ഞെങ്കിലും പൂട്ടിക്കുവാനായി ഒന്നും ചെയ്തില്ലെന്നും വീട്ടമ്മ ആരോപിച്ചു. തുടർന്നാണ് വീട്ടമ്മയും ബന്ധുക്കളും ചെയര്‍മാനെ കാണാന്‍ നഗരസഭയില്‍ എത്തിയത്. ചെയര്‍മാന്‍ ഓഫീസില്‍ ഇല്ലാത്തതിനാൽ ഇവര്‍ സെക്രട്ടറിയെ കാണുകയായിരുന്നു. ആദ്യം സെക്രട്ടറി എടുത്തടിച്ച നിലപാട് സ്വീകരിച്ചെങ്കിലും പ്രശ്നം പരിഹരിക്കാതെ ഇവിടുന്നു പോകുന്ന പ്രശ്‌നമില്ലെന്ന് വീട്ടമ്മ പറഞ്ഞതിനെ തുടർന്ന് മയപ്പെടുകയായിരുന്നു.
തുടർന്ന് വീട്ടമ്മയും ബന്ധുക്കളും മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. തുടർന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എത്തി ചർച്ചകള്‍ നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമാകാത്തതിനെ തുടർന്ന് സെക്രട്ടറി പോലീസിനെ വിളിക്കുകയായിരുന്നു. പാലാ എസ് ഐ അഭിലാഷിന്റെ നേതൃത്വത്തിലെത്തിയ വനിതാ പോലീസ് അടങ്ങിയ സംഘം എല്ലാവരുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ 10 ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് എസ് ഐ അഭിലാഷ് അറിയിച്ചു. തുടർന്ന് ഉപരോധം അവസാനിപ്പിക്കാൻ വീട്ടമ്മയും ബന്ധുക്കളും തയ്യാറാവുകയായിരുന്നു.