തിരുവനന്തപുരം: പാലാ സീറ്റിനെ ചൊല്ലി എന്‍സിപി ഇടതുമുന്നണി വിടുന്നെങ്കില്‍ തടയേണ്ടെന്ന് സിപിഎം തീരുമാനം. എല്‍ഡിഎഫിലിരിക്കെ, യുഡിഎഫുമായി എന്‍സിപി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തിയതാണ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നത്. സിപിഐ നിലപാടും ശരദ്പവാര്‍ നടത്തുന്ന നീക്കങ്ങളുമാകും എന്‍സിപി – എല്‍ഡിഎഫ് ബന്ധത്തില്‍ ഇനി നിര്‍ണായകമാവുക.
എന്‍സിപി മുന്നണി വിട്ടാല്‍ പാലാ സീറ്റ് ജോസ് വിഭാഗത്തിന് ലഭിക്കും. കുട്ടനാടും എലത്തൂരും സിപിഎം ഏറ്റെടുക്കുകയും ചെയ്യും. എ.കെ ശശീന്ദ്രന്‍ ഇടതുമുന്നണിക്കൊപ്പമെങ്കിലും എലത്തൂര്‍ നല്‍കുന്ന കാര്യത്തില്‍ ഉറപ്പില്ല. സിപിഎം ശക്തികേന്ദ്രത്തില്‍ പ്രാദേശിക ഘടകങ്ങളുടെ വികാരവും സംസ്ഥാന നേതൃത്വം മുഖവിലക്കെടുക്കുന്നുണ്ട്. സിറ്റിംഗ് സീറ്റുകള്‍ ഉറപ്പിക്കാന്‍ ശരദ്പവാര്‍ നേരിട്ട് സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്താനും സാദ്ധ്യതയുണ്ട്.
ആദ്യം മയത്തില്‍ കാര്യങ്ങള്‍ പറഞ്ഞ് തുടങ്ങിയ എന്‍സിപി മുംബയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം പ്രതികരണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തില്‍ ജോസ് വിഭാഗത്ത പ്രകീര്‍ത്തിച്ച സിപിഎം, പാലാ സീറ്റ് എന്ന അടിസ്ഥാന ആവശ്യത്തില്‍ ജോസിനെ പിണക്കില്ല എന്ന സൂചനയും നല്‍കി. പാലാ സീറ്റിലെ തര്‍ക്കത്തിനിടയില്‍ എന്‍സിപി യുഡിഎഫുമായി അനൗപചാരികമായ ചര്‍ച്ച നടത്തിയതാണ് സിപിഎം എന്‍സിപി ബന്ധത്തിലെ പ്രധാന വിളളല്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം സംബന്ധിച്ച ടിപി പീതാംബരന്റെ വിവാദ പ്രസ്താവനയും അതിനുള്ള സിപിഎം മറുപടിയും കൂടി വന്നതോടെ ഇരുപാര്‍ട്ടികളും തമ്മിലുളള അകല്‍ച്ച വര്‍ദ്ധിച്ചിരിക്കുകയാണ്.