കോട്ടയം : കേരളമാകെയുണ്ടായ ഇടതു തരംഗത്തിലും ഇടറാതെനിന്ന മണ്ഡലമാണു പാലാ. ആദ്യം പിന്നിൽനിന്ന ശേഷമാണു ഗംഭീര സ്മാഷുമായി തിരിച്ചെത്തി യുഡിഎഫിന്റെ മാണി സി.കാപ്പൻ മത്സരം കടുപ്പിച്ചത്. കോട്ടയം ജില്ലയിലും കേരളത്തിലാകെയും എൽഡിഎഫ് തരംഗമുണ്ടായപ്പോഴും തീപാറും പോരാട്ടം നടന്ന പാലായെ കാപ്പൻ നെഞ്ചേറ്റി. മധുരപ്രതികാരം വീട്ടിയതിന്റെ ചെറുപുഞ്ചിരി കാപ്പന്റെ മുഖത്തു കാണാം. പാർട്ടി സ്ഥാനാർഥികളിൽ മിക്കവരും ജയിച്ചപ്പോൾ ചെയർമാൻ മത്സരിച്ച വൈകാരിക പ്രാധാന്യമുള്ള പാലാ കൈവിട്ടതിന്റെ ക്ഷീണം ജോസ് കെ.മാണിക്ക് അത്രയെളുപ്പം മറക്കാനാവില്ല.
ഒരിക്കലും എൽഡിഎഫ് ജയിക്കില്ലെന്നു കരുതിയ പാലായുടെ ചരിത്രം നേരത്തേ തിരുത്തിയതു കാപ്പനാണ്. 1965ൽ രൂപീകരിച്ചതു മുതൽ 52 വർഷം കെ.എം.മാണിയുടെ തട്ടകമായിരുന്ന മണ്ഡലം അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലാണു കാപ്പൻ പിടിച്ചെടുത്തത്. 2019ലെ ഉപതെരഞ്ഞെടുപ്പിൽ പാലാ ആദ്യമായി ചുവന്നു. മാണിക്കെതിരെ മത്സരിക്കാൻ എതിരാളികൾ മടിച്ചപ്പോൾ ആ ദൗത്യം ഏറ്റെടുത്തതാണു കാപ്പൻ കുടുംബം. മാണി സി.കാപ്പനും സഹോദരൻ ജോർജ് സി.കാപ്പനും മാണിക്കെതിരെ മത്സരിച്ചു. നാലാം മത്സരത്തിലാണു കാപ്പൻ പാലാ പിടിച്ചത്.
മാണിയല്ലാതെ പാലായുടെ എംഎൽഎയാകുന്ന ആദ്യ വ്യക്തി. അന്ന് എൽഡിഎഫിന്റെ ഭാഗമായിരുന്ന എൻസിപിയിലായിരുന്നു കാപ്പൻ. എന്നാൽ കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം യുഡിഎഫ് വിടുന്ന സ്ഥിതി വന്നതോടെ പാലാ സീറ്റിന്റെ കാര്യത്തിൽ മുറുമുറുപ്പ് തുടങ്ങി. 2019ൽ ഇടതു സ്ഥാനാർഥിയായി ജയിച്ച കാപ്പൻ, രാഷ്ട്രീയ സംഭവ വികാസങ്ങൾക്കൊടുവിൽ യുഡിഎഫിലെത്തി. മാണിയുടെ കേരള കോൺഗ്രസ് ഇടതു പാളയത്തിലും. എൽഡിഎഫ് പാലാ സീറ്റ് നിഷേധിച്ചപ്പോൾ സ്വന്തം പാർട്ടി രൂപീകരിച്ചാണു കാപ്പൻ കോർട്ടിലിറങ്ങിയത്.
16 മാസം കൊണ്ട് 462 കോടി രൂപയുടെ വികസനം മണ്ഡലത്തിൽ എത്തിച്ചതു വിവരിച്ചാണു കാപ്പൻ വോട്ട് തേടിയത്. വിരുദ്ധ വികാരം ഉണ്ടാകാതിരുന്നതും എൽഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്നുണ്ടായ സഹതാപ തരംഗവും കാപ്പന് അനുകൂലമായി. രണ്ടില ചിഹ്നം, കേരള കോൺഗ്രസ് എമ്മിന്റെ പരമ്പരാഗത വോട്ടുബാങ്ക് എന്നീ എൽഡിഎഫിന്റെ അനുകൂല ഘടകങ്ങളെ കടുത്ത പോരാട്ടത്തിലൂടെ കാപ്പൻ മറികടന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിലായിരുന്ന കെ.എം.മാണി എൽഡിഎഫിലായിരുന്ന കാപ്പനെ തോൽപ്പിച്ചത് 4703 വോട്ടിനാണ്. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ കാപ്പൻ യുഡിഎഫിലെ ജോസ് ടോമിനെ തോൽപിച്ചതാകട്ടെ 2943 വോട്ടിനും.
മണ്ഡലം പിടിച്ചെടുത്ത കാപ്പനെ നേരിടാൻ കെ.എം.മാണിയുടെ മകൻ ജോസ് കെ.മാണി നേരിട്ട് അങ്കത്തിനിറങ്ങിയതോടെ സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരമാണു പാലായിൽ നടന്നത്. കെ.എം.മാണിയുടെ കരളാണു പാലാ എന്നാണു ജോസ് പറഞ്ഞത്. ആ പാലാ തന്റെ ചങ്കാണെന്നു കാപ്പനും തിരിച്ചടിച്ചു. മാണി സി.കാപ്പനെ പേരെടുത്തു പറയാതെ അവസരവാദിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചതു ചർച്ചയായിരുന്നു. ആരാണ് അവസരവാദിയെന്നു ഫലം വരുമ്പോൾ അറിയാമെന്നായിരുന്നു കാപ്പന്റെ പ്രതികരണം. സീറ്റ് നിഷേധിച്ച എൽഡിഎഫിനും തിരിച്ചു പിടിക്കാനിറങ്ങിയ ജോസിനും ഒരു പോലെ മറുപടി നൽകിയാണു കാപ്പൻ മധുരപ്രതികാരം തീർത്തത്.