പാലക്കാട് : വൈദ്യുത ഉല്‍പ്പാദനത്തില്‍ വിജയഗാഥയുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് സ്മാള്‍ ഹൈഡ്രോ കമ്പനിയാണ് വൈദ്യുതി ഉല്‍പ്പാദനത്തില്‍ നേട്ടം കൈവരിച്ചത്. 2023 മാര്‍ച്ച് 31 വരെ 6, 14, 61, 150 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് കെഎസ്ഇബിക്ക് നല്‍കിയെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ആദ്യമായാണ് വൈദ്യുതി ഉല്‍പ്പാദന രംഗത്ത് ഇത്തരം നേട്ടം കൈവരിക്കുന്നത്. 1999 ജനുവരി 20 നാണ് പാലക്കാട് സ്മാള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡ് രൂപീകരിച്ചത്. 2014 ല്‍ ഉല്‍പ്പാദനം ആരംഭിച്ച മൂന്ന് മെഗാവാട്ട് മീന്‍വല്ലം ചെറുകിട ജലവൈദ്യുത പദ്ധതി വൈദ്യുതി ഉത്പാദിപ്പിച്ച് വരുന്നുണ്ട്.
2017 ഡിസംബര്‍ 21 ന് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച ഒരു മെഗാവാട്ട് പാലക്കുഴി മിനി ജലവൈദ്യുത പദ്ധതി 2024-25 വര്‍ഷത്തില്‍ പണി പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനം നടന്നു വരുകയാണെന്നും അധികൃതര്‍ പറഞ്ഞു. 4.5 മെഗാവാട്ട് കൂടം, മൂന്ന് മെഗാവാട്ട് ചെമ്പുകട്ടി, 40 മെഗാവാട്ട് മീന്‍വല്ലം ടൈല്‍ റൈസ് പദ്ധതി, 2.5 മെഗാവാട്ട് ലോവര്‍ വട്ടപ്പാറ തുടങ്ങിയ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് ആവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും ജില്ലാ പഞ്ചായത്ത് പറഞ്ഞു. കമ്പനിയുടെ 25-ാം വാര്‍ഷിക ജനറല്‍ മീറ്റിംഗ് 25 ന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.