കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ വിവിധ ഡാമുകൾ ഇന്ന് തുറക്കും. പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗർ ഡാം എന്നിവ തുറന്നു. മലമ്പുഴ ഡാം ഇന്നലെ തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിവിധ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയ സാധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മലമ്പുഴ ഡാമിൽ ജൂൺ 1 മുതൽ 30 വരെ റൂൾ കർവ് പ്രകാരം നിലനിർത്തേണ്ട ജലനിരപ്പ് 110.49 മി ആണ്. നിലവിൽ ഡാമിലെ ജലനിരപ്പ് 111.19 മി ആയി ഉയർന്നിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാൽ റൂൾ കർവിൽ ജലനിരപ്പ് നിർത്തുന്നതിനായാണ് മലമ്പുഴ ഡാമിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറന്നത്.
കൽപ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ബാണാസുര സാഗർ ഡാമിലെ ഒരു സ്‌പിൽവെ ഷട്ടറാണ് ഉയർത്തിയത്. സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഡിആർ മേഘശ്രീ അറിയിച്ചു. കരമാൻ തോട്, പനമരം പുഴ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി ഓപ്പറേറ്റിങ് സെൻ്ററിലെ 1077 എന്ന നമ്പറിൽ വിളിക്കണം.