പയ്യന്നൂർ : മംഗളുരു റെയിൽവേ മേഖല ഇനി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസുരു ഡിവിഷൻ ഭരിക്കും. ബുധനാഴ്ച അർധരാത്രി മുതൽ ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപെട്ടു. വ്യാഴാഴ്ച ഔദ്യോഗിക ഭരണച്ചുമതല കൈമാറി. ഉള്ളാൾ ഉൾപ്പെടെയുള്ള മംഗളൂരു മേഖല സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാൻ ഓഗസ്റ്റ് 21-നാണ് റെയിൽവേ മന്ത്രാലയം ഉത്തരവിട്ടത്. ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗസറ്റ് വിജ്ഞാപനവും വന്നു. സൗത്ത് വെസ്റ്റേൺ റെയിൽവേയും ദക്ഷിണ റെയിൽവേയും തമ്മിലുള്ള കൈമാറ്റ കേന്ദ്രം (ഇന്റർ ചേഞ്ച് പോയിന്റ്) പടീലിൽ നിന്ന് ഉള്ളാലിലേക്ക് മാറി.
പ്രധാന ടെർമിനൽ സ്റ്റേഷനായ മംഗളുരുവും പനമ്പൂർ പോർട്ടും ഉൾപ്പെടെ പാലക്കാടിൽ നിന്ന് വിഭജിച്ചു. വിവിധ സോണൽ റെയിൽവേകൾക്കുവേണ്ടി ഇന്ത്യയിൽ ഡിവിഷണൽ ഭരണസംവിധാനം ആസൂത്രണം ചെയ്തത് 1956-ൽ ആയിരുന്നു. അന്ന് രൂപം കൊണ്ട പാലക്കാട് ഡിവിഷനാണ് മൂന്നാംതവണ വിഭജിക്കപ്പെട്ടത്.




























