അയിലൂർ: പറിച്ചുനടുന്നതിന് പാകമായ ഞാറ്റടിയിൽ ഇലപ്പേൻ ശല്യം വർധിച്ചതോടെ കർഷകർ ദുരിതത്തിലായി. അയിലൂർ പുത്തൻതറ പാടശേഖരത്തിലെ കർഷകരുടെ ഞാറ്റടിയിലാണ് ഇലപ്പേൻ കണ്ടുതുടങ്ങിയത്. കുറച്ചുഭാഗത്ത് മാത്രം കണ്ടുതുടങ്ങിയവ അടുത്തദിവസങ്ങളിൽ വ്യാപിക്കുകയും ഇലകൾ തിന്നുനശിപ്പിക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് കർഷകർ ആശങ്കയിലായത്.
ഒന്നാംവിള കൊയ്ത്ത് കഴിഞ്ഞതും ഈ മേഖലയിൽ കർഷകർ രണ്ടാംവിളയ്ക്കായി ഞാറ്റടി തയ്യാറാക്കി. നവംബർ പകുതിയോടെ ഞാറുനടാൻ കഴിയുന്നരീതിയിലാണ് ഞാറ്റടി ഒരുക്കിയത്. 20 ദിവസം മൂപ്പെത്തിയ ഞാറ്റടിയിലാണ് വ്യാപകമായി ഇലപ്പേനും വെള്ളപ്പാറ്റയും കണ്ടുതുടങ്ങിയത്. ഇലകളിൽ വന്ന് മുട്ടയിടുകയും കൂടുകൂട്ടുകയും തളിരിലകൾ തിന്നുനശിപ്പിക്കുകയും ചെയ്യുന്നതിനാൽ കർഷകർ മരുന്ന് തളിച്ചുതുടങ്ങി. എങ്കിലും ഇടവിട്ട മഴയും വെയിലുമായതിനാൽ രോഗബാധ നിയന്ത്രിക്കാനായിട്ടില്ല. തളിരിലകൾ തിന്നുന്നതിനാൽ പുതിയ ചിനപ്പുകൾ വരാൻ വൈകുമെന്നതിനാൽ നടീലിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ.