കൊച്ചി : പാലാരിവട്ടം മേല്‍പ്പാലത്തിലെ ഭാരപരിശോധന വിജയകരമായി പൂര്‍ത്തിയായി. ഇന്ന് ഉച്ചയോടെ പരിശോധനാ റിപ്പോര്‍ട്ട് ഡിഎംആര്‍സി സര്‍ക്കാരിന് കൈമാറും. രാവിലെ പാലം സന്ദര്‍ശിക്കുന്ന ഇ. ശ്രീധരന്‍ പരിശോധനാ ഫലം പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ശനി രാവിലെ തുടങ്ങിയ ഭാരപരിശോധന ഇന്നലെ രാത്രിയിലാണ് പൂര്‍ത്തിയായത്. രണ്ടു സ്പാനുകളിലായി പരിശോധന നാലുദിവസം നീണ്ടു. പാലത്തിലുള്ള 35 മീറ്ററിന്റെയും 22 മീറ്ററിന്റെയും സ്പാനുകളിലായിരുന്നു ഭാരപരിശോധന. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഘട്ടംഘട്ടമായി 220 ടണ്‍ ഭാരം പാലത്തിനു മുകളിലെത്തിച്ച് നിര്‍ത്തിയിട്ടാണ് പരിശോധന നടത്തിയത്.
പാലത്തിനുണ്ടാകുന്ന വളവ് അനുവദനീയ പരിധിക്കുള്ളിലാണോയെന്നും നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍വസ്ഥിതിയിലാകുന്നുണ്ടോ എന്നാണ് വിലയിരുത്തുന്നത്. മുപ്പത്തിയഞ്ചു മീറ്ററുള്ള നടുവിലെ സ്പാനില്‍ നടത്തിയ പരിശോധന ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. ഫലം തൃപ്തികരമായതിനാല്‍ നാളെ രാത്രിയോടെ പണി പൂര്‍ത്തിയാക്കി പാലം സര്‍ക്കാരിന് കൈമാറും. പെയിന്റിങ് അടക്കമുള്ള ചെറിയ ജോലികള്‍മാത്രമാണ് പാലത്തില്‍ ശേഷിക്കുന്നത്. സിഗ്നല്‍ രഹിത ജംക്‌ഷനായി ക്രമീകരിക്കാന്‍ പാലത്തിനടിയില്‍ നടുവിലെ റോഡ് അടച്ചിടും. ഇരുവശത്തേക്കും മാറ്റി പാലത്തിനടിയിലൂടെ യു ടേണ്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.