കൊച്ചി : പാലാരിവട്ടം അഴിമതി കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി വിജിലൻസ്. കേസിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറി. വിജിലൻസ് അന്വേഷണം കോടതി മേൽനോട്ടത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് വിജൻസ് നിലപാട് വ്യക്തമാക്കിയത്.
മുൻ മന്ത്രിയും വികെ ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെ 13 പ്രതികള്‍ക്കെതിരായ അന്വേഷണം പൂർത്തിയായെന്നും വസ്തുത വിവര റിപ്പോർട്ട് പരിശോധനയ്ക്കായി വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പാലാരിവട്ടം അഴിമതി കേസിൽ ആർഡിഎസ് കമ്പനി ഉടമ സുമിത് ഗോയലാണ് ഒന്നാം പ്രതി. മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് നാലാം പ്രതിയും ഇബ്രാഹിം കുഞ്ഞ് അഞ്ചാം പ്രതിയുമാണ്.
ടെണ്ടർ വ്യവസ്ഥ ലംഘിച്ച് കരാർ കമ്പനിയ്ക്ക് 8.25 കോടി രൂപ അഡ്വാൻസ് നൽകിയതിൽ അഴിമതി നടത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചാൽ ഉടൻ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.