തിരുവനന്തപുരം : പാലാരിവട്ടം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ മൊഴിയില്‍ തൃപ്തിയില്ലാതെ വിജിലന്‍സ്. ചോദ്യം ചെയ്യാന്‍ കൂടുതല്‍ സമയം ചോദിച്ച് വിജിലന്‍സ് കോടതിയെ സമീപിച്ചേക്കും. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്തെങ്കിലും മുമ്പ് പറഞ്ഞ കാര്യങ്ങളല്ലാതെ കൂടുതലൊന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞിട്ടില്ലെന്നാണ് വിവരം.
ഇബ്രാഹിംകുഞ്ഞ് ചികിത്സയിലിരിക്കുന്ന സ്വകാര്യ ആശുപത്രിയിലെത്തി ഇന്നലെയാണ് വിജിലന്‍സ് ചോദ്യം ചെയ്തത്. എന്നാല്‍ കോടതി മുന്നോട്ട് വെച്ച ഉപാധികള്‍ കാരണം നാല് മണിക്കൂർ മാത്രമാണ് ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് സാധിച്ചത്. സമയക്കുറവ് കണക്കിലെടുത്ത് നേരത്തെ തന്നെ ചോദ്യാവലിയും തയ്യാറാക്കിയിരുന്നു. എന്നാല്‍ മുമ്പ് പറഞ്ഞതില്‍ കൂടുതല്‍ ഒന്നും തന്നെ വിജിലന്‍സിന് ഇബ്രാഹിം കുഞ്ഞ് മൊഴി നല്കിയിട്ടില്ലെന്നാണ് വിവരം.
ആർ.ഡി.എക്സ് കമ്പനിക്ക് മുന്‍കൂറായി 8.25 കോടി രൂപ നല്കിയത് ക്രമവിരുദ്ധമായിട്ടാണെന്ന് ടി. ഒ സൂരജ് അടക്കം മൊഴി നല്കിയിട്ടുണ്ട്. ക്രമവിരുദ്ധമായ നടപടികള്‍ അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ നിർദ്ദേശ പ്രകാരമാണെന്നാണ് കണ്ടെത്തിയത്. എന്നാല്‍ ഇതിനെയെല്ലാം ഇബ്രാഹിംകുഞ്ഞ് എതിർത്തിട്ടുണ്ട്. ചികിത്സയിലിരിക്കുന്നതിനാല്‍ സമ്മർദ്ദത്തിലാക്കിയുള്ള ചോദ്യം ചെയ്യലും ഉണ്ടായില്ല.
ഇബ്രാഹിം കുഞ്ഞ് പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ച് ഒരു നിഗമനത്തിലേക്ക് എത്താനാണ് വിജിലന്‍സിന്റെ ശ്രമം. ഒപ്പം കൂടുതല്‍ സമയം കോടതിയില്‍ നിന്ന് നേടിയെടുക്കാനുള്ള നീക്കവും നടത്തും. ഉടന്‍ തന്നെ മൂവാറ്റുപുഴ കോടതിയില്‍ ഇതിനായുള്ള അപേക്ഷ വിജിലന്‍സ് സമർപ്പിച്ചേക്കും. അതേസമയം ചികിത്സയടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും ജാമ്യാപേക്ഷ നല്കാന്‍ ഇബ്രാഹിംകുഞ്ഞും തീരുമാനിച്ചിട്ടുണ്ട്.