കൊച്ചി : കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പാലം ഇന്നുമുതല്‍ പൊളിച്ചു തുടങ്ങും. മേല്‍പ്പാലത്തിന് ടാറിംഗ് നീക്കുന്ന ജോലികളാണ് ഇന്ന് ആരംഭിക്കുക. ടാറിംഗ് പൂര്‍ണ്ണമായും നീക്കിയശേഷം 17 സ്പാനില്‍ 15 എണ്ണവും കഷണങ്ങളായി മുറിക്കും. ഒരു സ്പാന്‍ ആറു ഗര്‍ഡറുകള്‍ ചേര്‍ന്നതാണ്.
മരട് ഫ്ലാറ്റ് തകര്‍ത്ത പോലെ ഇംപ്ലോഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കില്ല. പകരം ഡയമണ്ട് കട്ടര്‍ ഉപയോഗിച്ച് ഓരോ ഗര്‍ഡറും അതിനു മുകളിലെ ടെക് സ്ലാബും മുറിക്കുകയാണ് ചെയ്യുകയെന്ന് അധികൃതര്‍ അറിയിച്ചു. മുറിച്ചെടുക്കുന്ന കോണ്‍ക്രീറ്റ് ചെറു കഷ്ണങ്ങളാക്കി അവിടെ വെച്ചു തന്നെ പൊടിയാക്കി മാറ്റും. കഷണങ്ങളാക്കിയ ഗര്‍ഡര്‍ ചെല്ലാനത്ത് കടല്‍ഭിത്തി കെട്ടാനായി ഉപയോഗിക്കാം എന്നൊരു നിര്‍ദേശം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ലോറിയില്‍ കയറ്റി അവിടെ എത്തിക്കാന്‍ ഉള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ആ പദ്ധതി ഉപേക്ഷിച്ചു.
15 സ്പാനുകള്‍ മുറിച്ചു നീക്കി പ്രീ സ്ട്രെസ്ഡ് ഗര്‍ഡറുകള്‍ സ്ഥാപിക്കാനാണ് ഇപ്പോഴുള്ള തീരുമാനം. ഇടപ്പള്ളി ഭാഗത്തെയും പാലത്തിന്റെ മധ്യഭാഗത്തെയും സ്പാനുകള്‍ നിലവില്‍ പ്രീ സ്ട്രെസ്ഡ് ഗര്‍ഡറായതിനാല്‍ മാറ്റേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിലെ ബലക്ഷയമുള്ള പിയര്‍ ക്യാപ്പുകള്‍ ബലപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. അഥവാ ഇത് സാധിച്ചില്ലെങ്കില്‍ പിയര്‍ ക്യാപ്പുകളും മാറ്റും. പാലം പൂര്‍ണമായി പൊളിച്ചുമാറ്റാന്‍ ഏതാണ്ട് എട്ടു മാസമാണ് കാലാവധി പ്രതീക്ഷിക്കുന്നത്. 9 മാസത്തെ സമയമാണ് അനുവദിച്ചു കിട്ടിയിരിക്കുന്നത്. സമയം പരമാവധി ചുരുക്കി അതിവേഗം മുന്നോട്ടു പോകാനാണ് മെട്രോമാന്‍ ഇ ശ്രീധരന്റെ നിര്‍ദ്ദേശം.