തലശ്ശേരി: ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയ പാലത്തായി കേസിലെ പ്രതിയായ അധ്യാപകനും ബി ജെ പി നേതാവുമായ കടവത്തൂര്‍ കുറുങ്ങാട്ട് പത്മരാജനു ജാമ്യം ലഭിച്ചതിനെതിരെ പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹർജി 14 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ഇതിനിടെ പാലത്തായി പീഢനകേസില്‍ ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. കോടതി നിര്‍ദ്ദേശത്താലുള്ള രണ്ടാംഘട്ട അന്വേഷണം പുരോഗമിച്ചു വരികയാണ്. തികച്ചും ശാസ്ത്രീയമായ അന്വേഷണമാണ് കേസിന്റെ രണ്ടാം ഘട്ടത്തില്‍ നടന്നുവരുന്നത്.
ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി വരുന്നത്. ഇതിനിടെ സ്കൂളിലെ ശുചിമുറിയില്‍ അധ്യാപകന് പീഡിപ്പിച്ചുവെന്ന കേസിലെ സുപ്രധാന തെളിവുകളായ പ്രതിയുടേതുള്പ്പെടെയുള്ള മൊബൈല്‍ ഫോണുകളുടേയും സി സി ടിവി ദൃശ്യങ്ങളുടേയും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.