മലപ്പുറം: ഗ്രൂപ്പ് പോര് രൂക്ഷമായ മലപ്പുറത്ത് ഡിസിസിയുടെ ആഭിമുഖ്യത്തിലുള്ള പലസ്തീൻ ഐക്യദാർഡ്യ സമ്മേളനം ഇന്ന് കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാല് മണിക്ക് ടൗൺ ഹാളിൽ നടക്കുന്ന പരിപാടിക്ക് ആര്യാടൻ ഷൗക്കത്ത് അനുകൂലികൾ എത്തില്ലെന്നാണ് വിവരം. ഡിസിസിയെ വെല്ലുവിളിച്ച് അടുത്ത മാസം മൂന്നിന് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഡ്യ സമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനത്തെ ചൊല്ലിയാണ് മലപ്പുറത്ത് ഗ്രൂപ്പ് തർക്കം രൂക്ഷമായത്. മലപ്പുറത്ത് മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ എ.പി.അനില്‍ കുമാര്‍ എംഎല്‍എയും ഡിസിസി പ്രസിഡന്‍റ് വി എസ് ജോയിയും ചേര്‍ന്ന് എ ഗ്രൂപ്പിനെ പൂര്‍ണമായും വെട്ടി നിരത്തിയെന്നാണ് പരാതി.
തര്‍ക്കത്തെത്തുടര്‍ന്ന് പലയിടത്തും മണ്ഡലം പ്രസിഡന്‍റുമാര്‍ ചുമതലയേറ്റിരുന്നില്ല. തർക്കമുള്ള ഇടങ്ങളിലെ സ്ഥാനാരോഹണം നീട്ടിവയ്ക്കണമെന്ന കെപിസിസി നിർദ്ദേശം ഡിസിസി അട്ടിമറിച്ചെന്നാണ് എ ഗ്രൂപ്പ് ആരോപണം. ഇതിനെതിരെയുളള ശക്തി പ്രകടനം എന്ന നിലയ്ക്കാണ് പലസ്തീൻ ഐക്യദാർഡ്യ സദസ് സംഘടിപ്പിക്കാൻ ആര്യാടൻ ഫൗണ്ടേഷൻ തീരുമാനിച്ചത്. നവംബർ മൂന്നിന് ഐക്യദാർഡ്യ സദസ്സ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഈ പരിപാടിക്ക് മുന്നേതന്നെ ഡിസിസി സംഘടിപ്പിക്കുന്ന യോഗം ഇപ്പോള്‍ നിർണായകമായിരിക്കുകയാണ്. ജില്ലിയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളെത്തുമെന്ന് ഔദ്യോഗിക പക്ഷം അവകാശപ്പെടുന്നു.