തൃശൂര്‍ : ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമായ പാലിയേക്കര ടോള്‍പ്ലാസയില്‍ പുതിയ ജീവനക്കാരെയെത്തിച്ച് പിരിവ് തുടരാന്‍ ശ്രമം. രോഗബാധഭീഷണിയിലുള്ള ജീവനക്കാരെ അടിയന്തിരമായി മാറ്റണമെന്ന കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പുതിയ തീരുമാനം. രോഗവ്യാപനം രൂക്ഷമായതോടെ ടോള്‍പ്ലാസ ക്ലസ്റ്ററായി പ്രഖ്യാപിക്കുകയും ജീവനക്കാരെ പിന്‍വലിക്കുകയും ചെയ്തു. ഇതോടെ ടോള്‍ബൂത്തുകള്‍ തുറന്നിട്ട നിലയിലാണ്.
തുറന്നിട്ട ഗേറ്റിലൂടെ കടന്നുപോകുന്ന ഫാസ്ടാഗ് വാഹനങ്ങളുടെ ടോള്‍തുക താനേ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ തുറന്നിട്ട ട്രാക്കുകളിലൂടെ നിയന്ത്രണങ്ങളില്ലാതെ കടന്നുപോകുന്നതാണ് കമ്പിനിയെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ ജീവനക്കാരെ ഉപയോഗിച്ചുള്ള ടോള്‍പിരിവ് പുനരാരംഭിക്കാനാണ് കമ്പിനിയുടെ ശ്രമം.