പത്തനംതിട്ട : മനുഷ്യനും പ്രകൃതിയും കേന്ദ്ര ബിന്ദുവാകുന്ന സുസ്ഥിര വികസന നയമാണ് ഇനിയുള്ള നാളുകളില്‍ ഉണ്ടാവേണ്ടതെന്ന് റവന്യൂ – ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ വികസനത്തിലും ഇനി പ്രകൃതിയും പഠന വിഷയമാക്കണം. പ്രകൃതിദുരന്തങ്ങളെ ചെറുക്കാന്‍ കഴിയുന്ന രീതിയിലാവണം വികസനം. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് റവന്യു വകുപ്പിന്റെ മുഖ മുദ്രാവാക്യം.
അത്യന്താധുനിക രീതികള്‍ ഉപയോഗപ്പെടുത്തി നാലുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാക്കും. ഭൂരഹിതരായ എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കും. സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളില്‍ മാത്രം ആയാല്‍ പോര. ഉദ്യോഗസ്ഥരുടെ മാനസിക വ്യാപാരവും സ്മാര്‍ട്ടാവണം. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും അഞ്ചു വര്‍ഷം കൊണ്ട് സ്മാര്‍ട്ടാക്കും. പെരിങ്ങനാട് വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആക്കുന്നതിനായി 44 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
ആനയടി, കൂടല്‍ റോഡിലെ ആനയടി – പഴകുളം ഭാഗത്തെ മുടങ്ങിക്കിടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. അടൂര്‍ മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കും. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. റവന്യു മന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ വില്ലേജ് ഓഫീസ് അങ്കണത്തില്‍ വൃക്ഷ തൈകള്‍ നട്ടു.
59,10,000 രൂപ ചിലവഴിച്ചാണ് വില്ലേജ് ഓഫീസിന്റെ പുതിയ ബഹുനില കെട്ടിടം പൂര്‍ത്തിയാക്കിയത്. ഇരുനിലകളിലുമായി 149.39 ച.മീ വീതിയും സ്റ്റെയര്‍ കാബിന്‍ 20.18 ച.മീ ഉള്‍പ്പെടെ 318.96 ച.മീ വിസ്തീര്‍ണമാണുള്ളത്. പ്ലാന്‍ സ്‌കീം 2016ല്‍ ഉള്‍പ്പെടുത്തിയാണ് വില്ലേജ് ഓഫീസ് കം റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, പളളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.പി. സന്തോഷ്, ആര്യാ വിജയന്‍, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മനു, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി, എഡിഎം അലക്‌സ് പി തോമസ്, അടൂര്‍ തഹസീല്‍ദാര്‍ ജോണ്‍ സാം, അടൂര്‍ തഹസീല്‍ദാര്‍ ഭൂരേഖ ഡി.സന്തോഷ് കുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.