തിരുവനന്തപുരം : പമ്പ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാന്‍ പൊതുമേഖല സ്ഥാപനത്തെ ഏല്‍പ്പിച്ചതില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ ആസ്ഥാനമായ കേരള ക്ലേസ് ആന്‍ഡ് സിറാമിക്‌സ് പ്രൊഡക്റ്റസ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയത്. ഒരു ലക്ഷം മെട്രിക് ടണ്ണോളം മണലാണ് നീക്കം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. സൗജന്യമായാണ് മണല്‍ നല്‍കിയത്. സിപിഎം നേതാവ് ചെയര്‍മാനായ കമ്പനിക്ക് ഇത്തരത്തില്‍ വന്‍തോതില്‍ മണല്‍ നീക്കാനുള്ള ഒരു സാങ്കേതിക പരിജ്ഞാനവുമില്ല. കൊവിഡിന്റെ മറവില്‍ സര്‍ക്കാരിന്റെ മറ്റൊരു അഴിമതിയാണ് പമ്പയിലെ മണല്‍ ഇടപാട്. മണല്‍ നീക്കുന്നത് റവന്യൂ, വനം വകുപ്പുകള്‍ അറിഞ്ഞിട്ടില്ല.
അതേസമയം വിരമിക്കുന്നതിന് തൊട്ടുമുന്‍പ് വിഷയത്തില്‍ ഇടപെടാന്‍ ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പമ്പയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര ദുരൂഹമാണെന്നും ചെന്നിത്തല പറഞ്ഞു. വെള്ളപ്പൊക്കം തടയാനായിരുന്നു മണല്‍ മാറ്റുന്നതെങ്കില്‍ രണ്ടുവര്‍ഷത്തോളം അതിനു സര്‍ക്കാര്‍ എന്തുകൊണ്ടാണ് ശ്രമിക്കാതിരുന്നതെന്നും ചെന്നിത്തല ചോദിച്ചു. മണല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നിലക്കലില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതായി പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസ്താവന ഇറക്കിയിരുന്നു. യോഗം ചേര്‍ന്ന കാര്യം തന്നെ അറിയിച്ചിട്ടില്ലെന്നാണ് വനം മന്ത്രി കെ. രാജു പറയുന്നത്. ഇക്കാര്യത്തില്‍ വനം മന്ത്രിക്ക് അതൃപ്തിയുള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. പമ്പയിലെ മണല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും അധ്യക്ഷതയില്‍ അടിയന്തിരമായി യോഗം വിളിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ തീര്‍ച്ചയായും അറിയിക്കേണ്ടതായിരുന്നുവെന്നാണ് കെ. രാജുവിന്റെ മറുപടി.