പത്തനംതിട്ട : കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം രണ്ടാംഘട്ട പദ്ധതി 21-ാം തീയതി രാവിലെ 8 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ആറന്മുളയില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.സി.ജോര്‍ജ്ജ് തോമസ്, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പമ്പാതീരങ്ങളിലെ 14 ഗ്രാമ പഞ്ചായത്തുകളുടെയും 4 ബ്ലോക്ക് പഞ്ചായത്തുകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് ലക്ഷം രാമച്ച തൈകളും ഔഷധ സസ്യതൈകളും തീരം സംരക്ഷിക്കുന്നതിന് ആവശ്യമായ വൃക്ഷ തൈകളുമാണ് നദിതീരങ്ങളില്‍ നടുന്നത്.
റാന്നിയില്‍ നടക്കുന്ന തൈ നടീല്‍ പരിപാടി അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ രാജു എബ്രഹാം അധ്യക്ഷത വഹിക്കും. പെരുനാട്, വെച്ചൂച്ചിറ, നാറാണംമൂഴി, വടശ്ശേരിക്കര, റാന്നി, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, ചെറുകോല്‍, അയിരൂര്‍, കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി, ആറന്മുള, മല്ലപ്പുഴശ്ശേരി, കോയിപ്രം പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന നദീതീരങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തൈനടീലില്‍ പങ്കെടുക്കും. പമ്പയുടെ തീരങ്ങളിലുള്ള എല്ലാ പഞ്ചായത്തുകളിലും വിവിധ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തൈ നടീല്‍ പരിപാടി നടക്കും. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാവും ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.