പമ്പ : പമ്പാ ത്രിവേണിയിലെ മണ്ണൽകൊള്ള അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തലയുടെ ശക്തമായ ഇടപെടൽ ഉണ്ടായിരുന്നില്ലായെങ്കിൽ കോടികളുടെ അഴിമതിയും കൊള്ളയുമായിരുന്നു പമ്പ ത്രിവേണിയിൽ നടക്കുമായിരുന്നതെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശപ്രകാരം പമ്പാ ത്രിവേണി സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റുമാരായ അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ് , അഡ്വ. എ . സുരേഷ് കുമാർ , റിങ്കു ചെറിയാൻ , ജനറൽ സെക്രട്ടറി സതീഷ് പണിക്കർ , ഡി.സി.സി എക്സിക്യൂട്ടിവ് അംഗം സലിം പി .ചാക്കോ , എസ്. പി. സജൻ , അബ്ദുൾ കലാം ആസാദ് , കെ.ജി. ജയിംസ് , അരവിന്ദാക്ഷൻ , പി.കെ. ഇക്ബാൽ , രാജൻ വെട്ടിക്കൽ എന്നിവരടങ്ങുന്ന സംഘം പമ്പാ ത്രിവേണിയും പരിസരവും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡന്റിനും റിപ്പോർട്ട് നൽകി.
നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തികരിച്ച് രണ്ട് വർഷം മുൻപ് തന്നെ നടത്തേണ്ടിയിരുന്ന മണൽ നീക്കമാണ് അവസരം നോക്കിയിരുന്ന് കോവിഡ് 19 ന്റെ മറവ്പറ്റി വമ്പൻ സാമ്പത്തിക തട്ടിപ്പിന് അവസരം ഒരുക്കിയത്. നിലവിലെ മണൽ ശേഖരിച്ച് ഉചിതമായ സ്ഥലത്ത് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സംഭരിക്കുന്നതിൽ കോൺഗ്രസ്സിന് എതിരില്ല. പക്ഷെ പമ്പയിലെ കെ.എസ്. ആർ.ടി.സിക്ക് പിന്നിൽ ചക്കുപാലത്ത് ഇതിന് മതിയായ സൗകര്യമില്ല. ഇവിടെ കൂടുതൽ മണൽ ശേഖരിക്കാനുമാകില്ല.
പത്ത് വർഷത്തിലേറെ ജില്ലയിൽ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന മണൽശേഖരമാണ് പമ്പയിലുള്ളത്. ഇത് വാരി ശേഖരിച്ച ശേഷം ആവശ്യക്കാരായ പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ച് പരസ്യ ടെൻഡറിലൂടെ മാത്രമേ വിൽപ്പനനടത്തുവാന്‍ പാടുള്ളൂ. കുത്തകകൾക്കും സി.പി. ഐ (എം)നും സാമ്പത്തിക നേട്ടത്തിനായി നടത്തുന്ന നീക്കം അനുവദിക്കില്ല. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഭക്തജനങ്ങളെ വെല്ലുവിളിച്ച സർക്കാരും സി.പി.ഐ (എം) ഉം മണൽ കച്ചവടത്തിലൂടെ പമ്പയെയും പരിസരത്തെയും സമരഭൂമിയാക്കി മാറ്റാനും അതിലൂടെ ശബരിമലയുടെ
പരിപാവനത വീണ്ടും തകർക്കുവാനുമാണ് ശ്രമിക്കുന്നതെന്ന് ബാബു ജോർജ്ജ് ആരോപിച്ചു.